കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാന അപകടത്തില്‍ തകര്‍ന്ന, വിമാനത്തിന്റെ സുരക്ഷിത ലാന്‍ഡിംഗിനെ സഹായിക്കുന്ന ഇന്സ്്ട്രുമെന്റല് ലാന്‍ഡിംഗ് സിസ്റ്റം (ഐഎല്‍എസ്) നീക്കല്‍ വൈകുന്നു.
ഇതോടെ കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ഗോന്‍ഡിയ വിമാനത്താവളത്തില്‍ നിന്ന് എത്തിച്ച ഐഎല്‍എസ് സ്ഥാപിക്കല്‍ വൈകുകയാണ്. കരിപ്പൂരില്‍ വിമാനമിടിച്ച് ഐഎല്‍എസിന്റെ ആന്റിന തകര്‍ന്നിരുന്നു.
ഇവ വിദേശത്ത് നിന്ന് എത്തിക്കാന്‍ കാലതാമസമെടുക്കുമെന്ന് ആയതോടെയാണ് മഹാരാഷ്ട്രയിലെ ഗോന്‍ഡിയ വിമാനത്താവളത്തിൻ നിന്ന് എത്തിച്ച ആന്റിന കരിപ്പൂരിന് നൽകിയത്.
കരിപ്പൂരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ആന്റിന എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ നിര്‍ദേശത്തില്‍ എത്തിച്ചത്. എന്നാല്‍ ഇത് വരെ പുതിയത് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
വിമാന പൈലറ്റുമാര്‍ക്ക് റണ്‍വേ കാണാന്‍ സഹായിക്കുന്ന സംവിധാനമാണ് ഐഎല്‍എസ്. കരിപ്പൂരില്‍ റണ്‍വേയുടെ കിഴക്കും പടിഞ്ഞാറും ഭാഗത്ത് ഐഎല്‍എസ് സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കിഴക്ക് ഭാഗത്ത് സ്ഥാപിച്ച ഐഎല്‍എസ് ആണ് കഴിഞ്ഞ ഏഴിനുണ്ടായ വിമാന അപകടത്തില്‍ തകര്‍ന്നത്.
തകര്‍ന്ന ഐഎല്‍എസ് ആന്റിനകള്‍ ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റിയിട്ടില്ല. വിമാന അപകട അന്വേഷണ സംഘങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയായെങ്കിലും ആന്റിനകള്‍ മാറ്റിയിട്ടില്ല. റണ്‍വേയുടെ അവസാനിക്കുന്ന റിസയുടെ ഭാഗത്തായാണ് ഐഎല്‍എസ് സ്ഥാപിച്ചിരിക്കുന്നത്.