
കൊണ്ടോട്ടി: വിമാനം അപകടത്തിൽപ്പെട്ടയുടനെ എൻജിൻ ഓഫാക്കിയത് വൻപൊട്ടിത്തെറിയിൽ നിന്നു രക്ഷയായി. ഇന്നലെ കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഇന്ധനടാങ്ക് ചോർച്ചയോ തകർച്ചയോ കണ്ടെത്തിയിട്ടില്ല. ഇതാണ് അപകടവ്യാപ്തി കുറച്ചത്.
എൻജിൻ ഭാഗം ഓഫാക്കിയാൽ മാത്രമേ ഇത്തരത്തിലുള്ള അപകടം ഒഴിവാകൂ. ഇതുസംബന്ധിച്ചാണ് ഡിജിസിഎ പ്രധാനമായും അന്വേഷിക്കുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അടക്കം പരിശോധിക്കുന്നു.
വിമാനം ചിന്നിച്ചിതറാതെ രണ്ടായി പിളരുകയാണ് ചെയ്തത്. ഈ ഭാഗങ്ങളെല്ലാം അപകടസ്ഥലത്തുതന്നെയുണ്ട്. വൈമാനികന്റെ അവസരോചിതഇടപെടൽ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
വിമാനം രണ്ടുകഷ്ണമായാണ് പിളർന്നത്.കോക്പിറ്റിന്റെ ഭാഗവും ഡോറിന്റെ ഭാഗവുമാണ് മുറിഞ്ഞത്. പുറകുഭാഗത്ത് ഇരുന്നവർക്കാണ് കൂടുതൽ പരിക്കേറ്റത്.