സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമുളള ഇൻഷ്വറൻസ് പരിരക്ഷ വൈകുമേയെന്ന് യാത്രക്കാർക്കും ബന്ധുക്കൾക്കും ആശങ്ക. മംഗലാപുരം വിമാന അപകടത്തിൽപ്പെട്ടവർക്ക് 10 വർഷമായിട്ടും മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിന്റെ അനുഭവമാണ് കരിപ്പൂർ ദുരന്തത്തിൽപ്പെട്ടവരെ ആശങ്കയിലാക്കുന്നത്.
വിദേശത്തെ ജോലി നഷ്ടപ്പെട്ടവർ, ഇവരുടെ കുടംബങ്ങൾ തുടങ്ങിയവരാണ് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടവരുടെ വിമാനത്തിൽ കൂടുതലുണ്ടായിരുന്നത്. കരിപ്പൂരിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനം വെളളിയാഴ്ച അപകടത്തിൽപ്പെട്ട് 18 പേരാണ് മരിച്ചത്.
172 പേർക്ക് പരിക്കേറ്റു. ഇതിൽ 14 പേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സർക്കാർ 10 ലക്ഷവും പരിക്കേറ്റവർക്ക് അരലക്ഷം മുതൽ രണ്ട് ലക്ഷം രൂപവരെയും പ്രഖ്യാപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സെക്ടറിൽ നിന്നുളള വിമാന അപകടത്തിൽപ്പെട്ട് മരിച്ചവർക്ക് ഒരുകോടി 20 ലക്ഷം വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുമെന്ന് ഇൻഷ്വറൻസ് മേഖലയിൽ നിന്നുളളവർ പറയുന്നു. പരിക്കിന്റെ തീവ്രത, പ്രായം, ജോലി തുടങ്ങിയവ മുൻനിർത്തിയും ഇൻഷ്വറൻസ് തുക കോടിക്ക് മുകളിലും താഴേയുമമായി ലഭിക്കും.
ചികിത്സാ ചെലവും തുടർചികിത്സ ആവശ്യമുണ്ടെങ്കിൽ അതിന്റെ കാലാവധി നോക്കി നിശ്ചിത തുകയും ലഭിക്കും. ചികിത്സ ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികളിൽ നടത്തിയാലും ചകിത്സാ ചെലവും ലഭിക്കും. കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം 380 കോടിയോളം രൂപയുടെ ഇൻഷ്വറൻസ് ചെയ്തിരുന്നതായി വിമാന കന്പനി പറയുന്നുണ്ട്.
ഇൻഷ്വറൻസ് ചെയ്യാത്ത വിമാനങ്ങൾക്ക് ഇന്ത്യ ഉൾപ്പടെ ഒരു രാജ്യത്തും സർവീസിന് അനുമതി നൽകില്ല. നഷ്ടപരിഹാരം ലഭിക്കാൻ മൂന്നു മുതൽ ആറു മാസം വരെ എടുക്കും.ഒന്നിലധികം ഇൻഷ്വറൻസ് കന്പനികളാണ് വിമാനങ്ങളുടെ ഇൻഷ്വറൻസ് ഏറ്റെടുക്കുന്നത്.
വലിയ ദുരന്തങ്ങളിൽ ഒരു കന്പനിക്ക് മാത്രം നഷ്ടപരിഹാരം താങ്ങാനാവാത്തതിനാലാണിത്. ആയതിനാൽ ഇൻഷ്വറൻസ് തുക മുഴുവനായി ലഭിക്കുന്ന കാര്യവും സംശയമാണ്. കരിപ്പൂർ അപകടത്തിൽ മരണ സംഖ്യയും വലിയ പരിക്കുളളവരുടേയും എണ്ണം കുറവായതിനാൽ ആറ് മാസത്തിനകം ഇൻഷ്വറൻസ് തീർപ്പാക്കാനാണ് എയർ ഇന്ത്യയുടെ ശ്രമം.