കൊണ്ടോട്ടി: ആന സ്ഫോടക വസ്തു കഴിച്ച് ദാരുണമായി ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ ജനങ്ങളെ ഇകഴ്ത്തിയ മേനകാ ഗാന്ധി കരിപ്പൂർ വിമാനാപകട സമയത്ത് എല്ലാം മറന്ന് ധീരമായി പ്രവർത്തിച്ച മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി രംഗത്തെത്തി.
വിമാനാപകടം നടന്ന സമയത്ത് കോവിഡിനെയും, പടരാൻ സാധ്യതയുണ്ടായിരുന്ന തീ ഗോളത്തെയും വകവയ്ക്കാതെ ജാതി, മതം മറന്ന് ജീവൻ രക്ഷാ പ്രവർത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങൾ ഇങ്ങനെയാണെന്ന് വിശദീകരിച്ച് മലപ്പുറം
ജില്ലയിലെ മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മേനക ഗാന്ധിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് വിമാന ദുരന്ത സമയത്ത് അദ്ഭുതപ്പെടുത്തുന്ന പ്രവർത്തിയാണ് ജീവൻ രക്ഷാ പ്രവർത്തനത്തിനായി മലപ്പുറത്തെ ജനങ്ങൾ നടത്തിയെതെന്നും ഇത്തരത്തിലുള്ള മനുഷ്വത്വമാണ് മലപ്പുറത്ത് ഇനിയും പ്രതീക്ഷിക്കുന്നതെന്നും മേനക ഗാന്ധി പറഞ്ഞത്.
പാലക്കാട് ജില്ലയിൽ സ്ഫോടക വസ്തു കഴിച്ചു ആന ചെരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി മലപ്പുറത്തെ കുറിച്ച് മോശമായി പ്രതികരിച്ചിരുന്നു. ഇതിന് പിറകെ കമ്മിറ്റി മലപ്പുറത്തിന്റെ ചരിത്രം മനസിലാക്കാൻ ക്ഷണക്കത്ത് അയച്ചിരുന്നു.
തുടർന്ന് മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗിന് അയച്ച മറുപടി കത്തിൽ മലപ്പുറം ചരിത്രമുള്ള സ്ഥലമാണെന്നും സംസ്ഥാന വനം വകുപ്പിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പറഞ്ഞതെന്നും മേനക ഗാന്ധി വിശദീകരിച്ചിരുന്നു.