കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തില്‍പ്പെട്ട നൂറിലേറെ യാത്രക്കാരുടെ പാസ്പോര്ട്ടുകള് കണ്ടെടുത്തു. അപകട സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് നൂറിലേറെ പാസ്പോര്ട്ടുകൾ, സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള രേഖകള്‍, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയ വസ്തുക്കൾ ലഭിച്ചത്.
യാത്രക്കാരുടെ നിരവധി ലഗേജുകള്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയ സ്വര്ണാഭരണങ്ങളടക്കമുളള വസ്തുക്കള്‍ ശേഖരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടമകളെ തിരിച്ചറിഞ്ഞ ശേഷം വിതരണം ചെയ്യും.
പൂര്‍ണമായും അണുനശീകരണവും കസ്റ്റംസ് പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ബാഗേജുകള്‍ കൈമാറിയത്.നൂറോളം യാത്രക്കാര്‍ക്കാണ് ബാഗേജുകള്‍ എത്തിച്ചു നല്‍കിയത്.
അകട സ്ഥലത്ത് പരിശോധനകള്‍ നടത്തി യാത്രക്കാരുടെ വസ്തുക്കള്‍ ക്രോഡീകരിക്കുന്നത് എയര്‍ഇന്ത്യയുടെ നിര്‍ദേശത്തില്‍ അമേരിക്കന്‍ കമ്പനിയായ കെനിയോണ് ആണ്. പത്ത് വര്‍ഷം മുമ്പ് മംഗലാപുരം അപകടത്തിലും ഇതെ കമ്പനിയാണ് ബാഗേജുകള്‍ കണ്ടെത്തിയിരുന്നത്.
അപകടത്തില്‍പ്പെട്ട വിമാനത്തിലെ മുഴുവ ന് യാത്രക്കാര്‍ക്കും ധന സഹായ വിതരണ നടപടികളിലേക്ക് എയര്‍ഇന്ത്യ കടന്നു. 50,000, രണ്ട്ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങിനെയാണ് ആദ്യഘട്ട ധന സഹായം കൈമാറുക.
ഇതിനായുള്ള അപേക്ഷാ ഫോമുകള്‍ യാത്രക്കാര്‍ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴിനാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് അപകടത്തില്‍ പെട്ട് 21 യാത്രക്കാര്‍ മരിച്ചത്.
പരിക്കേറ്റവരില്‍ 146 യാത്രക്കാരാണ് ആശുപത്രി വിട്ടുവെങ്കിലും പലരും വിവിധ തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ്.
21 യാത്രക്കാരാണ് ഇപ്പോഴും ആശൂപത്രിയില്‍ കഴിയുന്നത്.ഇവരില്‍ പലരുടേയും നട്ടെല്ല്, കാല്, കൈ തുടങ്ങിയവയ്ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. രണ്ടു പേര് വിദഗ്ധ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്നു പേരുടെ സ്ഥിതി ഗുരുതരാവസ്ഥയിലാണ്.