സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കരിപ്പൂരിൽ 18 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽപ്പെട്ടത് എയർ ഇന്ത്യ ഒന്നര വർഷം മുന്പ് മറ്റൊരു കന്പനിയിൽനിന്നു പാട്ടത്തിനെടുത്ത വിമാനം.
ഈ വിമാനം ഉപയോഗ യോഗ്യമാക്കാനാകാത്ത രീതിയിൽ പിളർന്നതോടെ എയർ ഇന്ത്യക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. വിമാന ബോയിംഗ് കന്പനി അധികൃതരുടെ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
അപകടത്തിന്റെ തുടർ പരിശോധനകൾ പൂർത്തിയാക്കേണ്ടതുളളതിനാൽ വിമാനം അപകടസ്ഥലത്ത് നിന്നു മാറ്റുന്നത് വൈകും. വിമാനത്തിലെ ബാഗേജുകൾ മാറ്റി യാത്രക്കാർക്ക് കൈമാറാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നു ബാഗേജ് പുറത്തിറക്കി ടെർമിനിലേക്കു മാറ്റി. വിമാനം അണുനശീകരണം നടത്തി കവറിട്ട് മൂടി. മേഖലയിൽ കേന്ദ്രസുരക്ഷ സേനയുടെയും എയർ ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ബാഗേജുകൾ യാത്രക്കാർക്ക് നൽകാനുളള നടപടികളും ആരംഭിച്ചു. കസ്റ്റംസ് പരിശോധനകൾക്ക് ശേഷമായിരിക്കും ബാഗേജ് കൈമാറുക. ഡൽഹിയിൽ നിന്നെത്തിയ ഡിജിസിഎ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവർ എയർ ട്രാഫിക് കണ്ട്രോൾ വിഭാഗം, എയർപോർട്ട് അഥോറിറ്റി എന്നിവരിൽ നിന്നു മൊഴിയെടുത്തു.
2018-ൽ ബോയിംഗ് വിമാന കന്പനി വിൽപ്പന നടത്തിയ വിമാനം 2018 സെപ്റ്റംബറിലാണ് എയർഇന്ത്യ മറ്റൊരു വിമാന കന്പനിയിൽ നിന്നു പാട്ടത്തിനെടുത്തത്. ബോയിംഗ് 737 വിമാനങ്ങൾ ഏറ്റവും കൂടുതൽ സ്വന്തമാക്കിയതും എയർ ഇന്ത്യയാണ്.
ഇവ ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നതും കരിപ്പൂരിലാണ്. കാര്യമായ യന്ത്രത്തകരാർ ഉണ്ടാകുന്ന സാഹചര്യം വിമാനത്തിൽ ഇല്ലെ ന്നാണ് അധികൃതരും പറയുന്നത്. എന്നാൽ ലാൻഡിംഗ് സമയത്ത് വിമാനം റണ്വേയിൽ പിടിച്ചു നിർത്താൻ വൈമാനികന് കഴിഞ്ഞിട്ടില്ല. വിമാനം പൂർണമായും തകർന്നതോടെ എയർഇന്ത്യക്കുണ്ടായത് കോടികളുടെ നഷ്ടമാണ്.
അറ്റകുറ്റപ്പണികൾ നടത്തി വിമാനം പൂർവ സ്ഥിതിയിലാക്കുന്നത് കൂടുതൽ പരിശോധനകൾ നടത്തിയതിനു ശേഷമായിരിക്കും. ഇതിന് സാധ്യമാകില്ലെന്നാണ് വിദഗധരുടെ അഭിപ്രായം. ഇതോടെ വിമാനം വെട്ടിപ്പൊളിച്ച് സംഭവ സ്ഥലത്തു നിന്നു നീക്കേണ്ടിവരും. വിമാനത്തിന്റെ കോക്പ്പിറ്റ് സമീപത്തായാണ് രണ്ടായി മുറിഞ്ഞിട്ടുളളത്.
ഇക്കഴിഞ്ഞ വെളളിയാഴ്ച രാത്രി 7.40നാണ് എയർഇന്ത്യ വിമാനം കരിപ്പൂരിൽ ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. ഇതിൽ 18 പേർ മരിക്കുകയും 172 പേർക്ക് പരിക്കേൽക്കുയും ചെയ്തു.