കൊണ്ടോട്ടി: കരിപ്പൂർ അപകടത്തിന്റെ നിജസ്ഥിതി തേടി തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റ് ഡാറ്റാ റിക്കാർഡിന്റെയും ബ്ലാക്ക് ബോക്സിന്റെയും പരിശോധന ഡിജിസിഎ തുടങ്ങി.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശത്തിൽ കരിപ്പൂരിൽ അന്വേഷണത്തിന് എത്തിയ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഘമാണ് അപകടം നടന്ന സ്ഥലത്തുനിന്ന് നിർണയക തെളിവുകൾക്കുളള ഉപകരണങ്ങൾ കണ്ടെത്തി പരിശോധിക്കുന്നത്. ദിവസങ്ങളെടുത്തുളള പരിശോധനയാണ് നടത്തുന്നത്.
കോക്ക്പിറ്റ് വോയ്സ് റിക്കാർഡിൽ വിമാന പൈലറ്റുമാരുടെ ശബ്ദം കൃത്യമായി പതിഞ്ഞിട്ടുണ്ടാകും. എയർട്രാഫിക് കണ്ട്രോളുമായി സംസാരിക്കുന്നതും രണ്ടു പൈലറ്റുമാരുടെ സംസാരവും ഇതിൽ നിന്ന് ലഭ്യമാകും.
ഇതിന് പുറമെ വിമാനത്തിന്റെ പൂർണ വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്ന് കണ്ടെത്താനാകും. രണ്ടു ബ്ലാക്ക് ബോക്സുകളാണ് കണ്ടെടുത്തത്. വിമാനത്തിന്റെ ഓരോ ചലനങ്ങളും ബ്ലാക്ക് ബോസ്കിൽ പതിഞ്ഞിരിക്കും. ഏത് വിമാന ദുരന്തത്തിലും നശിക്കാത്ത ഉപകരണമാണ് ബ്ലാക്ക് ബോക്സ്.