കൊച്ചി: കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിനിരയായവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
അപകടത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ ഉള്‍പ്പെട്ട എട്ടുപേര്‍ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരുടെ പരാതികള്‍ പരിഗണിക്കുകയാണെന്നും ഈ ഘട്ടത്തില്‍ ഹര്‍ജികള്‍ അപക്വമാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വാദിച്ചു.
നഷ്ടപരിഹാരം നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം വേണമെന്ന ഹര്‍ജി അപക്വമാണെന്ന വാദം അംഗീകരിച്ചെങ്കിലും 2020 ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തത്തുടര്ന്ന് ഒമ്പതു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.