കൊണ്ടോട്ടി: കരിപ്പൂർ വിമാന ദുരന്തത്തിലെ രക്ഷാപ്രവർത്തകർ ഉൾപ്പെടെ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാന ദുരന്തത്തിലെ രക്ഷാപ്രവർത്തകർ, ഇവരുമായി സന്പർക്കമുള്ളവർ, എയർപോർട്ട് ജീവനക്കാർ തുടങ്ങിയവർക്കാണ് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നത്.
കൊണ്ടോട്ടി നഗരസഭയിൽ മാത്രം 13പേർക്ക് രോഗം സ്ഥിരീകരിച്ചു. 87പേരാണ് നഗരസഭയിൽ കോവിഡ് ചികിത്സകരായുള്ളത്. വിമാന അപകട സ്ഥലത്തും, ആശുപത്രിയിലുമെത്തിയവരിലാണ് കോവിഡ് കൂടുതൽ പോസിറ്റീവ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ഒരു സി.ഐഎസ്എഫ് ഉദ്യോഗസ്ഥനും നാലു അഗ്നിശമന സേന ജീവനക്കാർക്കും, ഇലക്ട്രിക്കൽ വിഭാഗത്തിലെ അഞ്ചുപേർക്കും കോവിഡ് പോസിറ്റീവാണ്. എന്നാൽ കൊണ്ടോട്ടി, കരിപ്പൂർ പോലീസ് സ്റ്റേഷനുകളിലെ 54 പേരുടെ പരിശോധന ഫലം പുറത്തുവന്നപ്പോൾ എല്ലാവരും നെഗറ്റീവാണ്.
വിമാനത്താവള പരിസര കൊണ്ടോട്ടി മേഖലയിൽ 1300 ഓളം പേരെയാണ് ദിവസങ്ങളിലായി ആർടിപിസിആർ പരിശോധന നടത്തിയത്. ഇവയുടെ പരിശോധന ഫലങ്ങളാണ് വരുന്നത്. മേഖലയിൽ പരിശോധന തുടരുകയാണ്. രോഗ വ്യാപനത്തെ തുടർന്ന് കരിപ്പൂർ ഉൾപ്പടെയുളള പ്രദേശങ്ങൾ മൂന്നാഴ്ചയായി കണ്ടെയ്മെന്റ് സോണിലാണ്.