കോഴിക്കോട്: നയതന്ത്ര ബാഗേജ്വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലും വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു.
ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപ വിലവരുന്ന 1088 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ വന്നിറങ്ങിയ നാദാപുരം സ്വദേശി ജലീലി(37) ന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 496 ഗ്രാം സ്വര്‍ണമിശ്രിതവും സ്പൈസ് ജെറ്റ് യാത്രക്കാരനായ പൂനൂര് സ്വദേശി അബ്ദുള്‍ മാജിദില്‍ നിന്ന് അരയില്‍കെട്ടിയ നിലയില്‍ 592 ഗ്രാമം സ്വര്‍ണമിശ്രിതവുമാണ് കണ്ടെടുത്തത്.
മാജിദ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ജലീല്‍ ഒരു ഷോപ്പിലെ ജീവനക്കാരനായിരുന്നു. സ്വര്‍ണം ആര്‍ക്ക് കൊണ്ടുവന്നതെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്.
വിമാനയാത്രാ ടിക്കറ്റ് സൗജന്യമായാണ് നല്‍കിയതെന്ന് ഇരുവരും കസ്റ്റംസിന് മൊഴി നല്കി. പിടിയിലായതില്‍ അബ്ദുള്‍ മാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.
ജലീലിനെയും വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ.കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.