കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷിനെയും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നല്കി. നാളെ രാവിലെ 11ന് കസ്റ്റംസിന്റെ കൊച്ചി യൂണിറ്റില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ചില വിവരങ്ങള്‍ അറിയാമെന്ന നിലപാടിലാണ് കസ്റ്റംസ്.അതിനിടെ കേസില്‍ കസ്റ്റംസ് അറസ്റ്റിലായ അര്ജുന് ആയങ്കിയെയും കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും അധികൃതര്‍ ഒരുങ്ങുന്നതായാണു വിവരം.
കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചില്‍ എത്തിച്ചാകും ചോദ്യം ചെയ്യുക. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും. തെളിവുകള്‍ ഒളിപ്പിച്ചശേഷമാണു അര്ജുന് ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് വിവരം.
മൊബൈല്‍ഫോണുകളും പാസ്പോര്‍ട്ട് അടക്കമുള്ള തിരിച്ചറിയല്‍ രേഖകളും കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോയതായുമായി അര്ജുന് മൊഴിനല്‍കിയതായാണു പുറത്തുവരുന്ന വിവരങ്ങള്‍.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഇന്നലെ രാവിലെ പതിനൊന്നോടെ ഹാജരായ അര്‍ജുനെ ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫോണ്‍ രേഖ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അര്‍ജുനെ അറസ്റ്റ് ചെയ്തത്.
രണ്ടര കിലോയോളം സ്വര്‍ണം കടത്തിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷെഫീഖിന്റെ മൊഴി പ്രകാരം അര്ജുന് ആണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍.
തനിക്ക് ഇതിന്റെ പ്രതിഫലമായി 40,000 രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയര്‍പോര്‍ട്ടില്‍നിന്ന് ഒരു ബോക്സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയതെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്.
ഷെഫീഖാണ് പണവുമായി കരിപ്പൂരില്‍ എത്തിയത്. ഇയാളെ കസ്റ്റഡിയില്‍ കിട്ടാനായി കോടതിയില്‍ നല്കിയ അപേക്ഷയില്‍ ആയങ്കിയെ കസ്റ്റഡിയില്‍ എടുത്തതായി കസ്റ്റംസ് അറിയിച്ചിരുന്നു.
മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് അപേക്ഷ പരിഗണിച്ച കോടതി തിങ്കളാഴ്ച വരെ കസ്റ്റഡി അനുവദിച്ചിട്ടുമുണ്ട്.