കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട പ്രധാന കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന നിലപാടില്‍ കസ്റ്റംസ്.
സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാമതൊരു സംഘം കൂടിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത്. ഷെഫീഖില്‍നിന്ന് സ്വര്‍ണം വാങ്ങാനായി കണ്ണൂരില്‍ നിന്ന് മറ്റൊരു സംഘം കൂടിയെത്തിയെന്നാണ് കസ്റ്റംസിന്റെ പുതിയ കണ്ടെത്തല്‍.
അര്‍ജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെ കണ്ണൂര്‍ സ്വദേശി യൂസഫിന്റെ നേതൃത്വത്തിലാണ് മറ്റൊരു സംഘം എത്തിയത്.
ഇന്ന് ചോദ്യം ചെയ്യലിന് ഇയാൾ ഹാജരായേക്കും. മൂന്നാമത്തെ സംഘത്തിന്റെ തലവനാണ് യൂസഫെന്നും ഇയാള്‍ അര്ജുന് ആയങ്കിയുടെ പഴയ കൂട്ടാളിയാണെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഇന്നലെ കേസിലെ മുഖ്യപ്രതികളിലൊരാളായ അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അര്‍ജുന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കസ്റ്റംസ് ഇവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
കേസുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചതായാണ് സൂചന. നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രതി സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതോടെ ചില നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു.
ഇതേരീതിയാണ് കരിപ്പൂര്‍ കേസിലും കസ്റ്റംസ് പിന്തുടരുന്നത്.അതിനിടെ കഴിഞ്ഞ ദിവസം അര്‍ജുന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ് അടക്കമുള്ളവയുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ കൊടി സുനിയെയും ഷാഫിയെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്.
നിലിവല്‍ പരോളില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയോട് നാളെ ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശിച്ചിട്ടുണ്ട്.