സ്വന്തംലേഖകന്‍
കോഴിക്കോട്: രാമനാട്ടുകര സ്വര്ണകവര്ച്ചാശ്രമത്തിനിടെ അഞ്ചുപേര്‍ മരിച്ച ദിവസം വിദേശത്ത് നിന്ന് കരിപ്പൂരില്‍ എത്തിച്ച സ്വര്‍ണത്തിന് ഒന്നിലേറെ ഉടമസ്ഥര്‍. കൊടുവള്ളി കേന്ദ്രീകരിച്ചുള്ളവരാണ് കോടികള്‍ വിലവരുന്ന സ്വര്‍ണം രഹസ്യമായി നാട്ടിലെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നത്.
കരിപ്പൂരിലെത്തിക്കുന്ന സ്വര്‍ണം നിരന്തരമായി കവര്‍ച്ചചെയ്യുകയും പിടികൂടുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് സ്വര്‍ണം അയയ്ക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കിയത്. കവര്‍ച്ച തടയാനും രഹസ്യവിവരം ചോരാതിരിക്കാനും ഒന്നില്‍ കൂടുതല്‍ പേര് ഒരുമിച്ചുള്ള ഓപ്പറേഷനിലൂടെ സാധിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘത്തിന്റെ വിലയിരുത്തല്‍.
ഇപ്രകാരം 2.33 കിലോ സ്വര്‍ണം മൂര്‍ക്കനാട് മുഹമ്മദ് ഷെഫീഖിനെ കാരിയറാക്കി കരിപ്പൂരില്‍ എത്തിച്ചു.ഷെഫീഖ് വിമാനതാവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് സ്വര്‍ണം കൊടുത്തയച്ച ഉടമസ്ഥര്‍ കവര്‍ച്ച തടയുന്നതിനായി ഓരോരോഗ്രൂപ്പുകള്ക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നു.
താമരശേരി, ചെറുപ്പളശേരി, കൊടുവള്ളി, മഞ്ചേരി എന്നിവിടങ്ങളിലെ ക്വട്ടേഷന്‍ സംഘങ്ങളെയായിരുന്നു ഓരോ ഉടമസ്ഥരും വിന്യസിപ്പിച്ചിരുന്നത്. ഈ സംഘാംഗങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരുന്നില്ല. വ്യത്യസ്ത സ്ഥലങ്ങളില്‍ സ്വര്‍ണവുമായെത്തുന്ന സംഘത്തിന് സുരക്ഷ ഒരുക്കുകയെന്ന ദൗത്യമായിരുന്നു ഇവര്‍ക്കുള്ളത്.
ചെറുപ്പളശേരിയില് നിന്ന് 15 അംഗസംഘവും താമരശേരിയില്‍ നിന്ന് പത്തംഗ സംഘവും കൊടുവള്ളിയില്‍ നിന്ന് എട്ടുപേരും മഞ്ചേരിയില്‍ നിന്നുള്ള നാലുപേരുമുള്‍പ്പെടെ 50 പേരെയായിരുന്നു സ്വര്‍ണവുമായെത്തുന്ന സംഘത്തിന് സുരക്ഷ ഒരുക്കുന്നതിന് ഏര്‍പ്പടാക്കിയത്.
ഓരോ മിനിറ്റിലും വിവരങ്ങള്‍ ഈ സംഘങ്ങള്‍ വിദേശത്തുള്ള സ്വര്‍ണം അയച്ചവര്‍ക്ക് എത്തിച്ചുകൊണ്ടിരുന്നു. വലിയ തുക ക്വട്ടേഷനായി ആരും വാങ്ങിയിരുന്നില്ല. 15 പേരുമായെത്തിയ ചെറുപ്പളശേരി സംഘത്തിന് 20000 രൂപമാത്രമായിരുന്നു നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് ഇതിലും കുറവായിരുന്നു നല്‍കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്നലെയും ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്ന മറ്റൊരു സംഘത്തിലെ കണ്ണിയെ പിടികൂടിയിരുന്നു. താമരശേരി സ്വദേശി വാപ്പു എന്ന അബ്ദുള്‍ നിസാറി (36) നെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ ചെയ്തത്.
പതിവായി കൊടുവള്ളിയിലേക്കെത്തിച്ച സ്വര്‍ണം കവര്‍ച്ച ചെയ്യുന്ന അര്‍ജ്ജുനെ ലക്ഷ്യമാക്കിയായിരുന്നു ക്വട്ടേഷന്‍ ഗ്രൂപ്പുകളുടെ സഹായം ഉടമസ്ഥര്‍ തേടിയത്.
അര്ജ്ജുന് സ്വര്‍ണവുമായി കടന്നുവെന്ന് ഉറപ്പായാല്‍ എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്ന നിര്‍ദേശമായിരുന്നു നല്‍കിയത്. അതിനാലാണ് ടിപ്പര്‍ലോറി വരെ ക്വട്ടേഷന്‍ സംഘം എത്തിച്ചതെന്നും അന്വേഷണസംഘാംഗങ്ങള്‍ വ്യക്തമാക്കി