സ്വന്തം ലേഖകന്‍
കൊണ്ടോട്ടി:കരിപ്പൂരില്‍ വലിയ വിമാന സര്‍വീസുകളുടെ അനുമതി അപകടത്തില്‍ പെട്ട വിമാനത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഉണ്ടായേക്കുമെന്ന് സൂചന.
കരിപ്പൂരില്‍ ദുബായി വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം എട്ട് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നിലവില്‍ സാങ്കേതിക പ്രശ്നങ്ങളില്ലെങ്കിലും വിമാനാപകട റിപ്പോര്‍ട്ടിന് ശേഷമുളള പരിശോധനകളും ഐഎല്‍എസ് പുനര്‍ നിര്‍മാണവും കഴിഞ്ഞ് അനുമതി നല്‍കുമെന്നാണ് സൂചന.
വിമാന അപകടത്തില്‍പ്പെട്ട് തകര്‍ന്ന റണ്‍വേയുടെ കിഴക്ക് ഭാഗത്തുളള ഐഎല്‍എസിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ഇതിന് ശേഷം വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ഡിജിസിഎ ഒരുങ്ങുന്നത്.
നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്മാന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി യുടെ നേതൃത്തില്‍ ഡൽഹിയില്‍ വകുപ്പ് മന്ത്രിമാരെ കാണുന്നുണ്ട്.
ജനുവരിയോടെയാണ് കരിപ്പൂര്‍ വിമാന അപകട റിപ്പോര്‍ട്ട് പുറത്തു വരിക. അഞ്ചു മാസം കൊണ്ട് റിപ്പോര്‍ട്ട് നല്‍കാനാണ് വ്യോമയാന മന്ത്രാലയം കേസ് അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യോട് നിര്‍ദേശിച്ചിരിക്കുന്നത്.
അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റാ റിക്കാര്‍ഡ് (ഡിഎഫ്ഡിആര്‍),കോക്പിറ്റ് വോയ്സ് റിക്കാര്‍ഡ്(സിവിആര്‍)എന്നിവയുടെ പരിശോധന ലാബില്‍ പൂര്‍ത്തിയായി വരികയാണ്. ഇവയുടെ പരിശോധനയ്ക്ക് ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാവുക.
ഇതിനിടെ കഴിഞ്ഞ ദിവസം സൗദി എയര്‍ലെന്‍സിന്റെ വലിയ വിമാനം അനുമതി ആവശ്യപ്പെട്ട് ഡിജിസിഎ സമീപിച്ചെങ്കിലും ഇത് നിഷേധിച്ചിരുന്നു. ഈ മാസം 14ന് ആരംഭിക്കാനിരുന്ന സര്‍വീസുകള്‍ക്കാണ് അനുമതി ലഭിക്കാതിരുന്നത്.
കരിപ്പൂരില്‍ 2015 ഏപ്രില്‍ വരെ 30 വരെ വലിയ വിമാനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നു.പിന്നീട് റണ്‍വേ റീ-കാര്‍പ്പറ്റിംഗ് നടപടികള്‍ ആരംഭിച്ചതോടെയാണ് വലിയ വിമാനങ്ങള്‍ക്കുളള അനുമതി നിര്‍ത്തിയത്.
റണ്‍വേ റീ-കാര്‍പ്പറ്റിംഗ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം 2018 ഡിസംബറിലാണ് പിന്നീട് സൗദി എയര്‍ലെന്‍സിന് അനുമതി നല്‍കിയത്.
ശേഷം എയര്‍ഇന്ത്യയുടെ ജെമ്പോയും സര്‍വീസ് ആരംഭിച്ചു.വലിയ വിമാനങ്ങളുടെ സര്‍വീസ് മുടങ്ങിയതോടെ ജിദ്ദയില്‍ നിന്ന് നേരിട്ട് കരിപ്പൂരിലേക്ക് സര്വീസുകളില്ലാതെയായി.