കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണകള്ളക്കടത്തിനു കൂട്ടുനിന്ന സിഐഎസ്എഫ് അസി. കമാണ്ടന്റ് നവീന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി നീളുന്നു.
സസ്പെന്‍ഷനിലായി പത്തുദിവസം കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തിനാല്‍ അന്വേഷണം എവിടെയും എത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയാൽ മാത്രമേ ഇയാളെ കേരള പോലീസിനു അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഉന്നതതലങ്ങളിലുള്ള ഇയാളുടെ സ്വാധീനമാണ് അനുമതി വൈകുന്നതിന്റെ പിന്നിലുള്ള ഘടകമെന്നാണ് വിവരം.
കഴിഞ്ഞ പതിനൊന്നിനാണ് ഇയാള്‍ സസ്പെന്‍ഷനിലായത്. എട്ടുമാസം മുമ്പാണ് നവീന്‍ കരിപ്പൂരില്‍ ഡ്യൂട്ടിക്ക് എത്തിയത്. ഈ സമയത്ത് ഹൈദരബാദ് വിമാനത്താവളത്തില്‍നിന്ന് ഏതാനും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥലംമാറി ഇവിടെ എത്തിയിരുന്നു. ഈ സംഘത്തിലെ താല്‍ക്കാലിക ജീവനക്കാരന് ഷറഫലി വഴിയാണ് ഇയാള്‍ കള്ളക്കടത്തുസംഘവുമായി ബന്ധം സ്ഥാപിച്ചത്. കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് ഈ ബന്ധത്തിലൂടെയാണ്.
60 കോടിയിലധികം രൂപയുടെ സ്വര്‍ണം കടത്തിക്കൊണ്ടുവരാന്‍ ഇയാള്‍ ഒത്താശ ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ആധാരമായ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളു. നവീന്‍ കുമാര്‍ ഇപ്പോള്‍ ബംഗളുരുവിലാണുള്ളത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ഇയാള്‍ കരിപ്പൂരില്‍ എത്തിയിരുന്നു.
ഈ മാസം അഞ്ചിന് വിമാനത്താവളത്തിനു പുറത്തുവച്ച് രണ്ടു യാത്രക്കാരില്‍നിന്ന് 503 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തതാണ് കള്ളക്കടത്തുകാരും വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുളള അവിഹിത കൂട്ടൂകെട്ടിന്റെ വിവരം പുറത്തുവരുന്നതിലേക്കു നയിച്ചത്.