മുക്കം: ഗ്രാമപഞ്ചായത്തിൽ സുസ്ഥിര വികസനം സാധ്യമാണോ? സുസ്ഥിര വികസനത്തിന് മാത്രമായി ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് എന്തെല്ലാം ചെയ്യാനാകും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമറിയാൻ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കാരശേരി ഗ്രാമപഞ്ചായത്തിലെത്തണം. ‘സുസ്ഥിരം കാരശ്ശേരി ‘എന്ന പേരിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് അറിയണം.
വൈവിധ്യമാർന്ന നിരവധി പദ്ധതികളാണ് കാരശ്ശരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി വരുന്നത്. അത് കൊണ്ട് തന്നെ കിലയുടെ പഞ്ചായത്ത് രാജ് മാഗസിനിൽ ഇത്തവണത്തെ കവർചിത്രം തന്നെ കാരശ്ശേരി പഞ്ചായത്തിന്റെ സുസ്ഥിരമായിരുന്നു. ഇത് മാത്രമല്ല മാഗസിനിൽ ഉൾപ്പെടുത്തിയ ചരിത്രം രചിക്കുന്ന ഗ്രാമ പഞ്ചായത്തുകൾ എന്ന പംക്തിയിലെ മികച്ച പദ്ധതിയായി തെരഞ്ഞെടുത്തതും സുസ്ഥിരം തന്നെയാണ്.
നബാർഡിന്റേയും ജില്ലാ സഹകരണ ബാങ്കിന്റേയും സഹകരണത്തോടെയാണ് കാരശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുസ്ഥിരം കാരശേരി പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ ഓരോ കുടുംബത്തിനും തൊഴിലും നിശ്ചിത വരുമാനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാർഷിക – ചെറുകിട വ്യവസായ – സേവന മേഖലകളിൽ തൊഴിലും വരുമാനവും ഉറപ്പു വരുത്തുന്ന സംരംഭങ്ങളാണ് പദ്ധതിയുടെ പ്രത്യേകത.
പത്ത് ഇനങ്ങളിൾപ്പെട്ട ഫാമുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. കൂടാതെ ഹോട്ടൽ, കുപ്പി വെള്ള വിതരണം, സോപ്പു നിർമാണം തുടങ്ങി ഒമ്പത് ചെറുകിട വ്യവസായ സംരംഭങ്ങളും ഇതിനോടകം പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ഘട്ടത്തിൽ പശു വളർത്തലിന് മാത്രമേ സബ്സിഡി നൽകൂ. പിന്നീട് ചെറുകിട വ്യവസായത്തിനും സേവന മേഖലയ്ക്കും സഹായം നൽകും. പാൽ, കോഴിമുട്ട, കോഴിറച്ചി എന്നിവയുടെ ഉത്പാദത്തിലുള്ള മുന്നേറ്റമാണ് ആദ്യ ഘട്ടത്തിന്റെ ലക്ഷ്യം.
ഫാമുകൾ ആരംഭിക്കാൻ നാലപേരടങ്ങിയ ഗ്രൂപ്പിന് എട്ട് ശതമാനം പലിശയിൽ അഞ്ച് ലക്ഷം രൂപ വരെ വായ്പ നൽകും. ഈടൊന്നുമില്ലാതെ അനുവദിക്കുന്ന ഈ വായ്പക്ക് ഒരു ലക്ഷം രൂപ സബ്സിഡിയും ലഭിക്കും. വ്യക്തികൾക്കും ഇരുപത് പേർ വരെ ചേർന്ന് രൂപീകരിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കും ആവശ്യമെങ്കിൽ വായ്പ ലഭിക്കും. കുടുംബശ്രീ അംഗങ്ങൾക്കുംപട്ടികജാതി- പട്ടികവർഗക്കാർക്കും പ്രത്യേക പദ്ധതികളുണ്ട്.
നബാർഡിന്റെ സഹകരത്തോടെയാണ് പണം ലഭ്യമാക്കുന്നത്. നബാർഡുമായി നേരിട്ട് സഹകരണത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമ പഞ്ചായത്താണ് കാരശേരി. പഞ്ചായത്ത് നിർദ്ദേശിക്കുന്ന ഏതൊരാൾക്കും ജില്ലാ സഹകരണ ബാങ്ക് വായ്പ അനുവദിക്കും. ഈ തുക നബാർഡ് പിന്നീട് ജില്ലാ സഹകരണ ബാങ്കിന് കൈമാറും. നബാർഡാണ് ഒരു ലക്ഷം രൂപ സബ്സിഡി അനുവദിക്കുന്നത്.
ഒരു ഗ്രാമ പഞ്ചായത്തിന് നേരിട്ട് പണം നൽകാൻ നബാർഡിന് സാധ്യമല്ലാത്തതു കൊണ്ടാണ് ജില്ലാ സഹകരണ ബാങ്കിനെ ഇടനിലക്കാരാക്കി, ഈ ബാങ്കുവഴി വികസനത്തിന് ആവശ്യമായ തുക നബാർഡിൽ നിന്നും വാങ്ങുന്നത്. ഈ പദ്ധതിയ്ക്കായി ജില്ലാ സഹകരണ ബാങ്ക് അവരുടെ നിയമാവലി തന്നെ ഭേദഗതി ചെയ്തു .പദ്ധതിയെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ഒരു വർഷത്തോളം പഠനം നടത്തിയും സാധ്യതകൾ പരിശോധിച്ചുമാണ് പഞ്ചായത്ത് സുസ്ഥിരം പദ്ധതി തയ്യാറാക്കിയത്.
പശു, കോഴി, ആട്, മത്സ്യം, മുയൽ തുടങ്ങി പത്ത് ഇനങ്ങളുടെ ഫാമുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത് . പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓരോ ഫാമിനും ആവശ്യമായ നിർദേശങ്ങൾ നൽകും. പശുക്കൾക്ക് ആവശ്യമായ പുല്ല് കൃഷി ചെയ്യാൻ പുറമ്പോക്കു ഭൂമി പഞ്ചായത്ത് വിട്ടു നൽകും. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളാണ് പുൽകൃഷിക്ക് നേതൃത്വം നൽകുക. സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കുന്നുണ്ട്.