ന്യൂഡൽഹി: കാർഷികോത്പന്നങ്ങളുടെ വിലയിടിവിന്റെ ഫലമായി ചില്ലറവിലസൂചിക കുറഞ്ഞു. അതനുസരിച്ച് ജനുവരിയിലെ വിലക്കയറ്റം 2.05 ശതമാനത്തിലേക്കു താണു. തലേമാസം 2.2 ശതമാനമായിരുന്നു വിലക്കയറ്റം.
മുട്ടയ്ക്ക് 3.89 ശതമാനം, പഴങ്ങൾക്ക് 8.32 ശതമാനം, പച്ചക്കറികൾക്ക് 13.35 ശതമാനം, പയറുവർഗങ്ങൾക്ക് 7.89 ശതമാനം, പഞ്ചസാരയ്ക്കും മധുരപലഹാരങ്ങൾക്കും 9.29 ശതമാനം എന്നിങ്ങനെയാണു വിലയിടിവ്. ധാന്യങ്ങൾക്ക് 0.07 ശതമാനം, പാലിനും പാലുത്പന്നങ്ങൾക്കും 0.35 ശതമാനം, എണ്ണ, നെയ്യ് എന്നിവയ്ക്ക് 0.73 ശതമാനം എന്ന തോതിലേ വില കൂടിയിട്ടുള്ളൂ.
അതേസമയം ഗ്രാമീണമേഖലയിൽ ഫാക്ടറി നിർമിതമായ ശീതളപാനീയങ്ങൾക്ക് 4.65 ശതമാനം, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് 2.77 ശതമാനം, വസ്ത്രത്തിന് 1.69 ശതമാനം, ചെരിപ്പിന് 2.04 ശതമാനം, ഗാർഹികോപകരണങ്ങൾക്ക് 7.44 ശതമാനം, ആരോഗ്യസേവനത്തിന് 10.07 ശതമാനം, ഗതാഗതത്തിന് 4.89 ശതമാനം, ഉല്ലാസത്തിന് 6.4 ശതമാനം, വിദ്യാഭ്യാസത്തിന് 9.53 ശതമാനം എന്നിങ്ങനെ വില കൂടി.
വ്യവസായ ഉത്പാദനം
വ്യവസായ ഉത്പാദനസൂചിക (ഐഐപി) ഡിസംബറിൽ 2.4 ശതമാനമേ വളർന്നുള്ളൂ. തലേവർഷം ഡിസംബറിൽ 7.3 ശതമാനം വളർച്ചയുണ്ടായിരുന്നു.നവംബറിലെ വ്യവസായ വളർച്ച നേരത്തേ 0.5 ശതമാനം എന്നു കണക്കാക്കിയതു തിരുത്തി. 0.3 ശതമാനം വളർച്ചയേ ഉണ്ടായിരുന്നുള്ളൂ.
ഏപ്രിൽ-ഡിസംബറിലെ വളർച്ച 3.7 ശതമാനത്തിൽനിന്ന് 4.6 ശതമാനമായി കൂടിയിട്ടുണ്ട്.
ഫാക്ടറി ഉത്പാദനത്തിലാണ് വലിയ വീഴ്ച. 2.7 ശതമാനമേ ഉത്പാദനം കൂടിയുള്ളൂ. തലേ ഡിസംബറിൽ 8.7 ശതമാനം വർധിച്ചതാണ്.
ഐഐപിയിൽ 77.63 ശതമാനം പ്രാതിനിധ്യമുണ്ട് ഫാക്ടറി ഉത്പാദനത്തിന്.ഡിസംബറിൽ ഖനനം ഒരുശതമാനം കുറഞ്ഞു. തലേഡിസംബറിൽ 1.2 ശതാനം കൂടിയതാണ്.