നോയിഡ: ആഡംബരവാഹനവും 21 ലക്ഷം രൂപയും സ്ത്രീധനമായി നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കരിഷ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കരിഷ്മയുടെ സഹോദരൻ ദീപക് നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് തന്നെ മർദിച്ചതായി കരിഷ്മ സ്വന്തം വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു. തുടർന്ന് സഹോദരനും മറ്റ് ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2022 ൽ ആണ് കരിഷ്മയുടെയും വികാസിന്റെയും വിവാഹം നടന്നത്. തുടർന്ന് വികാസിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കരിഷ്മയുടെ കുടുംബം വിവാഹ സമയത്ത് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്.യു.വിയും വരന്റെ കുടുംബത്തിന് സ്ത്രീധനമായി നൽകിയിരുന്നു.
എന്നാൽ സ്ത്രീധനമായി ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും കൂടി വേണമെന്ന് ആവശ്യപ്പെട്ട് വികാസും കുടുംബവും കരിഷ്മയെ നിരന്തരം മർദിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
വിവാഹം കഴിഞ്ഞത് മുതൽ ആരംഭിച്ച സ്ത്രീധനപീഡനം കരിഷ്മയ്ക്ക് ഒരു പെൺകുഞ്ഞ് ജനിച്ചതിന് ശേഷം കൂടുതൽ വഷളാവുകയായിരുന്നു. കരീഷ്മയുടെ കുടുംബം ഗ്രാമത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകളെ തുടർന്ന് 10 ലക്ഷം രൂപ കൂടെ നൽകിയെങ്കിലും പീഡനം അവസാനിച്ചില്ലെന്നും സഹോദരന്റെ പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൽ കരിഷ്മയുടെ ഭർത്താവ് വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ , സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ, അനിൽ എന്നിവർക്കെതിരേയാണ് സ്ത്രീധനത്തിനായുള്ള കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.