കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ ഗേറ്റുംപടിയില്‍ 2017 ജൂലൈ ആറിന് തലയും ഇരുകൈ കാലുകളും ഛേദിച്ച മൃതദേഹം ചാക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളുടെ രേഖാചിത്രം പോലീസ് തയാറാക്കി.കണ്ടെത്തിയ തലയോട്ടി ഉപയോഗിച്ച് കംപ്യൂട്ടര്‍ സഹായത്തോടെ കൊല്ലപ്പെട്ട ആളുടെ രേഖാചിത്രം തയ്യാറാക്കുകയായിരുന്നു.
രണ്ടര വര്‍ഷത്തെ ശാസ്ത്രീയ പരിശോധനകളുടെയും ഫോറന്‍സിക് വിദഗ്ദരുടെ സഹായത്താലുമാണ് ഇപ്പോള്‍ രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിപ്പിച്ച് മരിച്ചതാരാണെന്ന് കണ്ടെത്താനാകുമെന്നാണ് പോലീസ് പ്രതീക്ഷ.
രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതായതോടെയാണ് വീണ്ടും സമഗ്രമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. 2017 ല്‍ ചാലിയം കടല്‍ തീരത്ത് നിന്ന് കണ്ടെത്തിയ കൈകളും തലയോട്ടിയും ഡിഎന്‍എ ടെസ്റ്റിലൂടെ ഗേറ്റുംപടിയില്‍ ഉപേക്ഷിച്ച മൃതദേഹത്തിന്റെ ഭാഗമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ശാസ്ത്രീയ പരിശോധനയില്‍ കൊല്ലപ്പെട്ടത് 25 – 30 വയസിനിടയില്‍ പ്രായമുള്ള ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലോക്കല്‍ പൊലിസിന്റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. നിരവധി ദുരൂഹതകള്‍ നിറഞ്ഞ കേസില്‍ ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്ന നിഗമനത്തില്‍ അഞ്ച് മാസത്തോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി അന്വേഷണം നടത്തിയിട്ടും യാതൊരുവിധ തെളിവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ആരാണ് മരിച്ചതെന്ന് വ്യക്തമാവാത്ത സാഹചര്യത്തില്‍ അന്വേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ ലോക്കല്‍ പൊലിസിന് കഴിയാതെ വരികയായിരുന്നു. ഏറെ ദുരൂഹതകളും ആസൂത്രണവും നിറഞ്ഞ കേസില്‍ നിലവിലെ സാഹചര്യത്തില്‍ ഉടന്‍ തന്നെ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.