മുക്കം: സാഹിത്യ മേഖലയിലെ ഗുരുവിനൊപ്പം പ്രകൃതി സുന്ദരമായ പുഴയോരത്തിരുന്ന് പാട്ടും കളിയും കഥയും അഭിനയവുമൊക്കെയായി സംവദിച്ചപ്പോൾ പിഞ്ചു കുട്ടികൾക്ക് മറക്കാനാവാത്തആസ്വാദ്യവും അനുഭവവുമായി. കുട്ടികൾക്കൊപ്പം രക്ഷിതാക്കളെയും പങ്കാളികളാക്കി നടത്തിയ “നവതിക’ക്വിസിലൂടെ ശ്രദ്ധേയമായ ആനയാംകുന്ന് ഗവ. എൽപി സ്കൂൾ ഈ അധ്യയന വർഷത്തിൽ കാഴ്ചവച്ച ‘ഗുരു സംവാദം’ പരിപാടിയായിരുന്നു രംഗം.
പ്രശസ്ത സാഹിത്യകാരൻ ഡോ.എം.എൻ. കാരശേരിയോടൊപ്പമായിരുന്നു നാലാം ക്ലാസ് വിദ്യാർഥികൾ പാട്ടും കളിയും അഭിനയവും എഴുത്തും പ്രസംഗവുമൊക്കെയായി രാവിലെ മുതൽ ഉച്ചവരെ സംവദിച്ചത്. കാരശേരി പഞ്ചായത്തിൽ ഇരുവഴിഞ്ഞിപ്പുഴയോരത്ത് വെയിലും നിഴലും ഇടകലർന്ന പ്രകൃതി സുന്ദരമായ മുളങ്കാടുകൾക്കിടയിൽ എസ്.കെ. പൊറ്റക്കാട് സ്മൃതി കേന്ദ്രത്തിന് ചാരത്തായിരുന്നു വേദി.
ക്ലാസുകളേക്കാളും സെമിനാറുകളേക്കാളും ഫലപ്രദവും ആസ്വാദ്യവുമാണ് “ഗുരു സംവാദം’ പരിപാടിയെന്നും വിവിധ മേഖലകളിലെ ഗുരുക്കളോടൊന്നിച്ച് കുട്ടികൾ സംവദിക്കുന്ന രീതിയിൽ ഈ പദ്ധതി വ്യാപിപ്പിക്കണമെന്നും എം.എൻ. കാരശേരി അഭിപ്രായപ്പെട്ടു.
ഗുരു സംവാദം മാതൃകാ പദ്ധതി മറ്റുവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്ന് മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുക്കം മുഹമ്മദ് പറഞ്ഞു. പ്രധാനാധ്യാപിക കെ.എ.ഷൈല, സ്റ്റാഫ് സെക്രട്ടറി പി.കെ.സുബൈദ, സലാം കാര മൂല എന്നിവർ പ്രസംഗിച്ചു. വി.കെ. ജയരാജൻ, ശൈലജ ടി.ടി. ബീനാകുമാരി, മുഹമ്മദ് കക്കാട് എന്നിവർ നേതൃത്വം നൽകി.