കോട്ടയം: ശ്വാസകോശത്തിൽ തറച്ച സേഫ്റ്റി പിന്നുമായി 15 വയസുകാരൻ കടന്നുപോയത് ഒരു രാത്രിയുടെ കഠിന പരീക്ഷണങ്ങൾ.
“റിജിഡ് ബ്രോങ്കോസ്കോപ്പി’ എന്ന അതിനൂതന ചികിത്സാ സംവിധാനത്തിലൂടെ സേഫ്റ്റി പിൻ പുറത്തെടുത്തതോടെ ആശ്വാസത്തിന്റെ നിമിഷങ്ങൾ.
ഇടുക്കി കട്ടപ്പന ചേറ്റുകുഴി നിവാസിയായ റിനോ മാത്യുവിനാണ് അബദ്ധത്തിൽ തന്റെ ശ്വാസകോശത്തിനുള്ളിൽ തറച്ച കൂർത്ത മുനയോടുകൂടിയ സേഫ്റ്റി പിന്നുമായി കഴിയേണ്ടിവന്നത്.
കഴിഞ്ഞദിവസം രാത്രി ഭക്ഷണം കഴിച്ചശേഷം കിടക്കുന്നതിനു മുന്പായി പല്ലുകൾക്കിടയിൽപ്പെട്ട ആഹാരം മാറ്റാൻ സേഫ്റ്റി പിന്നിന്റെ കൂർത്ത അഗ്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്പോൾ ശക്തമായ ചുമ അനുഭവപ്പെടുകയും അതിനിടയിൽ സേഫ്റ്റി പിൻ കൂർത്ത അഗ്രത്തോടെ റിനോ മാത്യുവിന്റെ ശ്വാസകോശാത്തിനുള്ളിലേക്കു പതിക്കുകയും ശ്വാസനാളികളിൽ തറച്ചിരിക്കുകയും ചെയ്തു.
കടുത്ത ചുമയും നെഞ്ചു വേദനയും അനുഭവപ്പെട്ട റിനോ മാത്യുവിനെ കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയിൽ രാത്രി തന്നെ എത്തിച്ചു.
അവിടെ നടത്തിയ പരിശോധനകളിലാണ് ഇടത് ശ്വാസകോശാത്തിലെ ശ്വാസനാളികളിൽ പിൻ തറച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ശ്വാസനാളിയിൽ തറച്ചിരിക്കുന്ന പിൻ പുറത്തെടുക്കുന്നത് സങ്കീർണമായ പ്രക്രിയ ആയതിനാൽ റിനോ മാത്യുവിനെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു.
റിനോ മാത്യുവിന്റെ ആരോഗ്യനില പരിശോധിച്ചശേഷം കാരിത്താസിലെ ഡോക്ടർമാർ സേഫ്റ്റി പിൻ പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
‘’റിജിഡ് ബ്രോങ്കോസ്കോപ്പി’’ എന്ന ചികിത്സാ പ്രക്രിയയിലൂടെ റിനോ മാത്യുവിന്റെ ശ്വാസനാളിക്കകത്തേക്ക് പ്രവേശിക്കുകയും ഘടിപ്പിച്ചിരിക്കുന്ന കാമറയിലൂടെ ഇടത്തേ ശ്വാസകോശത്തിൽ തറച്ചിരിക്കുന്ന സേഫ്റ്റി പിൻ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് അതിവിദഗ്ധമായി റിജിഡ് ബ്രോങ്കോസ്കോപ്പിയിലൂടെ സേഫ്റ്റി പിൻ പുറത്തെടുക്കുകയായിരുന്നു.
ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ. അജയ് രവിയുടെ നേതൃത്വത്തിൽ ഡോ. നിഷ പാറ്റാനി, ഡോ. സൂര്യ എന്നിവരടങ്ങിയ സംഘമാണ് റിജിഡ് ബ്രോങ്കോസ്കോപ്പിയിലൂടെ സേഫ്റ്റി പിൻ പുറത്തെടുത്തത്.
ഒരു രാത്രി അനുഭവിച്ച സംഘർഷങ്ങൾക്കൊടുവിൽ സന്തോഷവാനായി കട്ടപ്പന ചേറ്റുകുഴി സ്വദേശികളായ മനോജ് മാത്യുവിന്റെയും ലിൻസി മനോജിന്റെയും മകൻ റിനോ മാത്യു ആശുപത്രിവിട്ടു.