കറുകച്ചാൽ: കറുകച്ചാലിൽ ഇന്നലെയുണ്ടായ അപകടം കാറ് ഓവർടേക്ക് ചെയ്യുന്നതിനിടെ.
ഇന്നലെ വൈകുന്നേരം 4.20നു ചന്പക്കരയ്ക്കു സമീപം തൈപ്പറന്പിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ രണ്ടു പേർ മരിച്ചു.
മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. കാറോടിച്ച കോട്ടയം മുട്ടന്പലം കാഞ്ഞിരക്കാട്ട് പി.കെ. പുരുഷോത്തമൻ നായരുടെ മകൻ ശ്രീജിത്ത് (34), കോതനല്ലൂർ ചന്ദ്രികാഭവനിൽ പുരുഷോത്തമൻ നായർ (65) എന്നിവരാണു മരിച്ചത്.
കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ രാധാകൃഷ്ണൻ (54), കൃഷ്ണകുമാർ (54), മാന്നാർ സ്വദേശി വിജയകുമാർ (66) എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ശ്രീജിത്തിന്റെ മാതൃസഹോദരന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം റാന്നിയിൽ നിന്നും കോട്ടയത്തേക്കു മടങ്ങുന്പോഴായിരുന്നു അപകടം.
മുന്പിൽ പോയ കാറുകളെ മറികടക്കുന്നതിനിടയിൽ ഇവർ സഞ്ചരിച്ച കാർ മല്ലപ്പള്ളിയിലേക്കുപോയ സ്വകാര്യ ബസിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു.
കാറിനുള്ളിൽ കുടങ്ങിയ ഇവരെ നാട്ടുകാർ ചേർന്ന് ഡോറുകൾ വെട്ടിപൊളിച്ചാണു പുറത്തെടുത്തത്.
വിവരമറിഞ്ഞ് കറുകച്ചാൽ പോലീസും പാന്പാടിയിൽനിന്നും അഗ്നിരക്ഷാസേനവും സ്ഥലതെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബസിന്റെ മുൻവശവും ഭാഗീകമായി തകർന്നു. അപകടത്തെ തുടർന്ന് റോഡിൽ അരമണിക്കൂറിലേറെ ഗതാഗതം മുടങ്ങി.
മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. മരിച്ചവരും പരിക്കേറ്റവും അടുത്ത ബന്ധുക്കളാണെന്നു പോലീസ് പറഞ്ഞു.
ഭാര്യ: രത്നമ്മ കോതനല്ലൂർ കടിച്ചാംപറന്പിൽ കുടുംബാംഗം. മകൾ: ശശികല. മരുമകൻ: കാർത്തിക്.
റാന്നിയിൽ ബന്ധുവിന്റെ മകന്റെ വിവാഹത്തിനുപോയി തിരിച്ചു വരുന്പോൾ അപകടം ഉണ്ടായത്. ശ്രീജിത്തിന്റെ അമ്മ വനജ. സഹോദരി ശ്രീജ.
ജീവൻ ത്യജിച്ചും സുഹൃത്തിനെ രക്ഷിച്ച് അരവിന്ദ്
കറുകച്ചാൽ: ജീവൻ ത്യജിച്ചും നീന്തലറിയാത്ത സുഹൃത്തിനെ രക്ഷിച്ച് അരവിന്ദ്. കറുകച്ചാൽ പച്ചിലമാക്കിൽ ആറ്റുകുഴിയിൽ ജയചന്ദ്രന്റെ മകൻ അരവിന്ദ് (19) ആണ് സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ചത്.
ഇന്നലെ വൈകുന്നേരം 4.30നാണ് അരവിന്ദും സുഹൃത്തുക്കളും ചേർന്നു പച്ചിലമാക്കിലുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാൻ എത്തിയത്.
നീന്തൽ അറിയാത്ത സുഹൃത്ത് കുളത്തിലേക്ക് ചാടി. ഇയാളെ രക്ഷിക്കാനായി അരവിന്ദും സുഹൃത്തുക്കളും പിന്നാലെ ചാടി സുഹൃത്തിനെ രക്ഷിച്ചെങ്കിലും അരവിന്ദ് കുളത്തിൽ അകപ്പെടുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചു. ഫയർഫോഴ്സ് എത്തി അരവിന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മാതാവ്: വിജയകുമാരി, സഹോദരി: അർച്ചന. സംസ്കാരം പിന്നീട്. കറുകച്ചാലിൽ തന്നെ ഇന്നലെ വീടിനടുത്തുള്ള പുരയിടത്തിൽ പുല്ലു പറിക്കുന്നതിനിടെ തോട്ടിലേക്കു കാൽ വഴുതി വീണ് ബംഗ്ളാംകുന്ന് വേലിയ്ക്കകത്ത് കെ.കെ. വർഗീസ് (90) എന്നയാളും മരണപ്പെട്ടിരുന്നു.