പയ്യന്നൂര്‍: കരിവെള്ളൂര്‍ ദേശീയ പാതയില്‍ പലയിടങ്ങളിലായി രൂപപ്പെട്ട ചതിക്കുഴികള്‍ അപകട കെണിയാകുന്നു. ഓണക്കുന്ന് മുതല്‍ കരിവെള്ളൂര്‍ വരെയാണ് ദേശീയപാതയുടെ ഇരുവശത്തുമായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
ഓണക്കുന്നില്‍ എവി സ്മാരക ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്തെ ദേശീയപാതയുടെ കൂടുതല്‍ ഭാഗവും തകര്‍ന്നിരിക്കുകയാണ്. കരിവെള്ളൂരിലും കരിവെള്ളൂര്‍ ബസാറിലും നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇരുഭാഗത്തുമായി ടാര്‍ ചെയ്ത സ്ഥലങ്ങളിലാണ് റോഡ് തകര്‍ന്ന് കുഴികളായത്. സമീപത്തെ മരങ്ങളില്‍നിന്നും വീഴുന്ന വെള്ളമാണ് റോഡ് തകരാനിടയാക്കിയത്. ശക്തമായ മഴ പെയ്യുന്ന സമയത്ത് ഇത്തരം കുഴികള്‍ ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.
രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ക്കാണ് കടുത്ത അപകടഭീഷണിയുയര്‍ത്തുന്നത്. കുഴികള്‍ അപകട കേന്ദ്രങ്ങളാകുന്നതിന് മുമ്പ് പരിഹാരം വേണമെന്ന ആവശ്യമുയരുന്നുണ്ട്.ഇതിന് പുറമെ കരിവെള്ളൂര്‍ ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇന്ധന ടാങ്കറുകളുള്പ്പെടെയുള്ള വാഹനങ്ങള്‍ അപകട സാധ്യത ഉയര്‍ത്തുന്നുണ്ട്. റോഡ് വീതി കൂട്ടിയ ഇടങ്ങള്‍ താഴ്ന്ന് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.