പയ്യന്നൂര്‍:മൂന്നുകോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയ കരിവെള്ളൂരിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിന്റെ അന്വേഷണം വഴിത്തിരിവില്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരെ കേസില്‍ പ്രതിചേര്‍ക്കാന്‍ നിയമോപദേശം ലഭിച്ചതാണ് അനിശ്ചിതത്വത്തില്‍ കഴിഞ്ഞിരുന്ന കേസിന് വഴിത്തിരിവായത്.
മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപന്റെ മൊഴിയനുസരിച്ച് പണം വാങ്ങിയവരായി കണ്ടെത്തിയ മലപ്പുറത്തെ സഫറുള്ള, കാഞ്ഞങ്ങാട്ടെ അയൂബ്, തൃശൂര്‍ ചാവക്കാട്ടെ ചാണ്ടി കുര്യന്, വെള്ളൂരിലെ രമേശന്, മുക്കുപണ്ടം പരിശോധിച്ച് സ്വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തിയ അപ്രൈസര്‍ ടി.വി.മോഹനന്, സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ച ലക്ഷ്മണന് എന്ന രാജന് എന്നിവരെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കുന്നതിനായി പോലീസ് നിയമോപദേശം തേടിയിരുന്നു.പണം വാങ്ങിയതിനും കൊടുത്തതിനും തെളിവുകളും സാക്ഷിമൊഴികളുമുള്ളതിനാല് ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കാമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇതുപ്രകാരം പോലീസ് ഉടന്‍തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കും.
കരിവെള്ളൂര്‍ ബസാറില്‍ വീവേഴ്സ് സൊസൈറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. 2,98,49,090 രൂപയുടെ വെട്ടിപ്പാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ പണത്തിനുള്ള ഈടായി വാങ്ങിയിരിക്കുന്നത് 13,287.6 ഗ്രാം മുക്കുപണ്ടങ്ങളാണെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു.
2017 ഓഗസ്റ്റ് 11ന് തളിപ്പറമ്പ് സഹകരണ ഇന്‍സ്പെക്ടര്‍ ഷൈന നടത്തിയ പരിശോധനയിലാണ് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം പണയവസ്തുവായി വെച്ച് കോടികള്‍ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നത്. ഇടപാടുകാരില്‍ നിന്നും ഡെപ്പോസിറ്റായി സ്വീകരിച്ച നാല് കോടിയോളം രൂപയില്‍ 18 ലക്ഷം രൂപയുടെ സ്വര്‍ണം മാത്രമാണ് സൊസൈറ്റിയില്‍ അവശേഷിച്ചിരുന്നത്. സൊസൈറ്റി പ്രസിഡന്റ് എ.വി.ഗിരീശന് ഇതുസംബന്ധിച്ച് പയ്യന്നൂര്‍ പോലീസിൽ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചത്.
സെക്രട്ടറി കരിവെള്ളൂര്‍ തെരുവിലെ കെ.വി. പ്രദീപനേയും തൃക്കരിപ്പൂര്‍ മാണിയാട്ട് സ്വദേശിയും കരിവെള്ളൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയുമായ കെ.പ്രശാന്തിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപാടുകാര്‍ പോലുമറിയാതെ പലരുടേയും പേരില്‍ മുക്കുപണ്ടം വെച്ച് പണമെടുത്തിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ആദ്യകാലത്ത് നടത്തിയ അന്വേഷണത്തിനിടയില്‍ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധമുള്ളവരെന്ന് കരുതിയ പലരേയും പോലീസ് കണ്ടെത്തി ചോദ്യം ചെയ്തിരുന്നു.എന്നിവരേയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പ്രശാന്തും കുടുംബാംഗങ്ങളും ചേര്‍ന്ന് രണ്ട് കോടിയോളം രൂപ മുക്കുപണ്ടം വെച്ച് എടുത്തിരുന്നതായും സെക്രട്ടറി പോലീസിന് മൊഴി നല്‍കിയിരുന്നു.
കള്ളത്തരം പിടിക്കപ്പെടാതിരിക്കാന്‍ സൊസൈറ്റിയില്‍ കവര്‍ച്ച നടത്തി മുക്കുപണ്ടം മാറ്റുന്നതിനും രേഖകള്‍ തീയിട്ട് നശിപ്പിക്കുന്നതിനും പദ്ധതിയിട്ടിരുന്നതായും സെക്രട്ടറി പോലീസിനോട് സമ്മതിച്ചിരുന്നു. ഇത്രയും വിപുലമായ പദ്ധതികളാണ് മുക്കുപണ്ട തട്ടിപ്പിന് പിന്നില്‍ നടന്നതെന്ന് അന്വേഷണത്തില്‍ പോലീസിനും വ്യക്തമായിരുന്നു. പക്ഷേ ഒരുവര്‍ഷമാകാറായിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനോ കുറ്റപത്രം നല്‍കുന്നതിനോ പോലീസിന് കഴിഞ്ഞിരുന്നില്ല.
പണയ വസ്തുക്കള്‍ മുക്കുപണ്ടം തന്നെയാണോ എന്ന് തെളിയിക്കുന്ന ഫോറന്‍സിക്ക് റിപ്പോര്‍ട്ട് എതുവരെയായിട്ടും ലഭിക്കാതിരുന്നതാണ് കുറ്റപത്ര സമര്‍പ്പണത്തിന് തടസമായത്.ഇതനാല്‍ കേസന്വേഷണം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടയിലാണ് തട്ടിപ്പിലൂടെയുള്ള പണം കൈപ്പറ്റിയവര്‍ക്കെതിരെ കേസെടുക്കുന്നതിനുള്ള അനുമതി ലഭിച്ചത്.
സെക്രട്ടറിയുടേയും തട്ടിപ്പിന്റെയും മുഖ്യ സൂത്രധാരനായ സെക്രട്ടറിയുടെ സുഹൃത്തിന്റേയും അറസ്റ്റ് നടന്നെങ്കിലും മറ്റു നടപടികളൊന്നുമാകാത്തതിനാല് സൊസൈറ്റിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണം നിക്ഷേപിച്ചവരും സ്വര്‍ണം പണയം വെച്ചവരും ഇപ്പോഴും നെട്ടോട്ടത്തിലാണ്.