മണ്മറഞ്ഞ പൂർവികർക്കുവേണ്ടി ജീവിച്ചിരിക്കുന്ന അനന്തരാവകാശികൾ അനുഷ്ഠിക്കുന്ന ഉത്തമവും ശ്രേഷ്ഠവും ത്യാഗോജ്വലവുമായ പുണ്യമാണ് പിതൃബലി. ജന്മജന്മാന്തരങ്ങൾക്കുശേഷം അസുലഭമായി ലഭിക്കുന്നതാണ് മനുഷ്യജന്മം. ജനിക്കുന്പോൾ തന്നെ സുദീർഘമായ ഒരു പിതൃപാരന്പര്യത്തിലെ കണ്ണിയാകുകയും ചെയ്യുന്നു.
ജന്മം നൽകിയ മാതൃ-പിതൃ-പിതാമഹ പ്രപിതമഹാപരന്പര ഏറെയാണ്. ഇവരോടുള്ള കർമബാധ്യത ജീവിച്ചിരിക്കുന്പോഴും മരണാനന്തരവും ഉണ്ട്. അത് തീർക്കാൻ പഞ്ച മഹായജ്ഞങ്ങളിൽ പിതൃമഹായജ്ഞമാണ് വിധിക്കപ്പെട്ടിരുന്നത്.
ഏറ്റവും ശുദ്ധമായി ചെയ്യേണ്ട കർമമാണ് ബലി. പിതൃദിവസത്തിലെ മധ്യാഹ്നമാണ് കറുത്തവാവ്. കർക്കടകമാസത്തെ കറുത്തവാവ് പിതൃക്കളുടെ ദിനമായാണ് സങ്കൽപ്പം. കർക്കടകത്തിലെ 30 ദിവസവും വിഷ്ണു ചൈതന്യം നിറഞ്ഞുനിൽക്കുന്നതാണ്. ദക്ഷിണായനം പിതൃപ്രധാനമായതും ദക്ഷിണായനത്തിലെ ആദ്യത്തെ കറുത്തവാവ് കർക്കടക വാവായതും ഈ ദിവസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.
പുണ്യതീർഥങ്ങളിലോ പുണ്യക്ഷേത്ര തീർഥങ്ങളിലോ സമുദ്രതീരത്തോ വേണം വാവുബലി ഇടാൻ. മൂന്നു തലമുറ ഒരാൾക്കുവേണ്ടി ബലിയിടണം. ആദ്യം പുത്രനും പിന്നെ പൗത്രനും അവസാനം പ്രപൗത്രനും ബലിയിടണം. ഏത് അപമൃത്യു സംഭവിച്ച ആത്മാവിന്റെ മോക്ഷത്തിന് ഇടുന്ന ബലിയാണ് നാരായണബലി.
പ്രേതമുക്തിക്കായി മഹാവിഷ്ണുവിന് എള്ളുകൊണ്ട് ചെയ്യുന്ന ഹോമമാണ് തിലഹോമം. ദേവകാര്യമായാലും പിതൃകാര്യമായാലും ചെയ്യുന്ന കർമത്തിന്റെ ഫലം അത് ചെയ്യുന്ന ആൾക്കു തന്നെയാണ് ലഭ്യമാകുന്നത്.
ബലിതർപ്പണത്തിന് ഏറ്റവും പ്രസിദ്ധമായ സ്ഥലങ്ങളിൽ പ്രഥമമാണ് തെക്കൻ കാശിയെന്ന തിരുനെല്ലി. ശംഖ്, ചക്ര, ഗദാ, പത്മ, പാദ തുടങ്ങി അഞ്ച് മഹാതീർഥങ്ങളുടെ സംഗമസ്ഥാനമാണ് ഇവിടം. ഗയാശില തിരുനെല്ലി പാപനാശിനി തൊട്ട് കാശിയിലെ ഗയവരെയാണ് നീണ്ടു കിടക്കുന്നത്.
പിണ്ഡപ്പാറ എന്നറിയപ്പെടുന്ന ഗയാശിലയിലാണ് തിരുനെല്ലിയിൽ ബലിതർപ്പണം ചെയ്യുന്നത്. ഇവിടെ ക്ഷേത്രനാമോചാരണത്താൽ, ധർമവും ദർശനത്താൽ ധനവും മോക്ഷവും തലമുറയ്ക്ക് ക്ഷേമഐശ്വര്യങ്ങളാൽ അനുഗ്രഹപ്പെടുമെന്നാണ് പത്മപുരാണത്തിലും കൂർമപുരാണത്തിലും ഗരുഡപുരാണത്തിലും ആദിത്യപുരാണത്തിലും ഉദ്ഘോഷിക്കുന്നത്.
പരശുരാമൻ പിതൃമോക്ഷത്തിനായി വിഷ്ണുപാദങ്ങളിൽ തർപ്പണം നടത്തിയത് തിരുനെല്ലിയിലാണ്; പിന്നീട് ശങ്കരാചാര്യരും.
തയാറാക്കിയത് – സജീവ് എ. പൈ. തിരുമല, കോട്ടയം