സ്വന്തം ലേഖകൻ
തൃശൂർ: കോവിഡിന്റെ ദുർഘട കാലത്തിനിടയിലേക്ക് നാളെ കർക്കടകപുലരി. പഞ്ഞമാസമെന്ന് വിശേഷിപ്പാക്കാറുള്ള കർക്കിടകം ഇത്തവണ വന്നണയുന്നത് തന്നെ ദുരിതകാലത്തിനിടയിലാണ്.
കർക്കടം തീർന്നാൽ ദുർഘടം തീർന്നുവെന്ന പഴമൊഴിയൊക്കെ ഇത്തവണ എന്താകുമെന്ന് പഴമക്കാർ പോലും ചോദിക്കുന്നു. കോവിഡും ലോക്ഡൗണും സൃഷ്ടിച്ച ദുരിതങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കഴിഞ്ഞ കുറേ മാസങ്ങളായി ആളുകൾ അനുഭവിക്കുകയാണ്.
കള്ളകർക്കടകം വന്നെത്തുന്നത് ആ ദുരിതപ്പെയ്ത്തിനിടയിലാണ്.
നാലന്പല ദർശനം ഇല്ല
കർക്കടകത്തിൽ പതിവുള്ള നാലന്പല ദർശനം ഇത്തവണയുണ്ടാകില്ല. തൃപ്രയാർ, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മൽ എന്നീ നാലു ക്ഷേത്രങ്ങളിലും കോവിഡ് ലോക്ഡൗണ് നിയന്ത്രണങ്ങളുള്ളതിനാൽ ഭക്തർക്ക് ദർശനം അനുവദിക്കില്ല.
നാലന്പല ദർശനം തുടങ്ങുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം അനുവദിക്കില്ല.ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലും ഭക്തരെ അകത്തേക്ക് കടത്തില്ല. ഗോപുരത്തിന് പുറത്തു നിന്ന് തൊഴാൻ അവസരമുണ്ടെങ്കിലും ആൾത്തിരക്ക് കൂടിയാൽ അതും വിലക്കും.
പായമ്മൽ ശത്രുഘ്്ന ക്ഷേത്രത്തിലും മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിലും ദർശനം നിയന്ത്രിക്കും.ടിപിആർ നിരക്ക് ഓരോ ആഴ്ചയും വ്യത്യാസപ്പെടുന്നതനുസരിച്ച് ജില്ലയിലെ പല ഭാഗങ്ങളും ഡി, സി കാറ്റഗറിയിൽ പെടുന്നതിനാൽ ഇവിടങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങളുണ്ട്.
അതിനാൽ ആൾക്കൂട്ടം അനുവദിക്കാനാവില്ലെന്ന നിലപാടാണ് അധികൃതർ കൈക്കൊള്ളുന്നത്.നാലന്പല ദർശനം അനുവദിച്ചാൽ മറ്റു ജില്ലകളിൽ നിന്നുപോലും ആളുകൾ ദർശനത്തിനെത്തുമെന്നതിനാൽ ഇക്കുറി നാലന്പല ദർശനം അനുവദിക്കേണ്ടെന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.
എങ്കിൽപോലും ഭക്തർ നാലന്പലങ്ങൾ പുറത്തു നിന്നെങ്കിലും തൊഴാനെത്തുമെന്ന് അധികൃതർ കരുതുന്നു. കഴിഞ്ഞ വർഷവും നാലന്പല ദർശനം നിയന്ത്രിച്ചിരുന്നു.
ആനയൂട്ടിലും നിയന്ത്രണം
കർക്കടക പുലരിയിൽ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടത്താറുള്ള ആനയൂട്ട് ഇത്തവണ പതിനഞ്ചാനകൾക്ക് മാത്രമായി ചുരുക്കി.പൊതുജനങ്ങൾക്ക് ആനയൂട്ട് കാണാൻ പ്രവേശനമുണ്ടാകില്ല.
എറണാകുളം ശിവകുമാർ, കുട്ടംകുളങ്ങര അർജുനൻ, ചുള്ളിപ്പറന്പിൽ വിഷ്ണുശങ്കർ, ഉൗക്കൻസ് കുഞ്ചു, തിരുവാണിക്കാവ് രാജഗോപാലൻ, മുള്ളത്ത് ഗണപതി, തിരുവന്പാടി കണ്ണൻ, പാറന്നൂർ നന്ദൻ, ശങ്കരംകുളങ്ങര മണികണ്ഠൻ, പാറമേക്കാവ് കാശിനാഥൻ, തിരുവന്പാടി ലക്ഷ്മി, വെട്ടത്ത് ഗോപി കണ്ണൻ, കടന്പാട്ട് ഗണപതി, ചെന്പുക്കാവ് വിജയ് കണ്ണൻ എന്നീ ആനകളായിരിക്കും നാളെ ആനയൂട്ടിൽ പങ്കെടുക്കുക.
അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പ്രത്യക്ഷ ഗണപതി പൂജയും ഉണ്ടായിരിക്കും.