കോട്ടയം: ഉണക്ക കപ്പയും മുതിരയും വേണോ അതോ ചെറുപയറും പിണ്ടി തോരനും മതിയോ. അതുമല്ലെങ്കിൽ കാന്താരിയും തിരുവാതിരപ്പുഴുക്കും കഴിക്കാം. നാടൻ വിഭവങ്ങൾ എന്തു വേണമെങ്കിലും കോട്ടയം ജില്ലാ പഞ്ചായത്ത് അങ്കണത്തിലേക്ക് വരു. ഒൗഷധക്കഞ്ഞി, പത്തിലക്കറികൾ, പായസം, പുഴുക്ക് തുടങ്ങിയ നാടൻ വിഭവങ്ങളുമായി ജില്ലാ പഞ്ചായത്തങ്കണത്തിൽ കുടുംബശ്രീയുടെ കർക്കടക ഫെസ്റ്റ് ആരംഭിച്ചു.
മള്ളൂശേരിയിലെ സൂര്യ അയൽക്കൂട്ടത്തിലെയും നാട്ടകം സമത അയൽക്കൂട്ടത്തിലെയും അംഗങ്ങൾ തയാറാക്കിയിട്ടുള്ള വിഭവങ്ങളുടെ വിപണനത്തിലൂടെ ലഭിക്കുന്ന ലാഭം മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനത്തിനായി നൽകും. അപൂർവ രുചി വിഭവങ്ങൾ ആസ്വദിച്ചിരുന്ന് കഴിക്കുന്നതിനുള്ള സൗകര്യത്തോടെ ക്രമീകരിച്ചിട്ടുള്ള സ്റ്റാൾ രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കും.
ഉണക്ക കപ്പയും മുതിരയും വേവിച്ചത്, ചേന്പിൻ താൾ തോരൻ, ചേനപ്പിണ്ടിയും ചെറുപയറും പിണ്ടി തോരൻ, കാച്ചിലും കൂർക്കയും കാന്താരിയും തിരുവാതിരപ്പുഴുക്ക്, ഏത്തപ്പഴം-ഈന്തപ്പഴം, കുന്പളങ്ങ, ഉണക്കലരി എന്നിവയുടെ പായസം, ഞവരക്കഞ്ഞി, പാൽ കഞ്ഞി, ഉലുവാ കഞ്ഞി, ഒൗഷധ പിടി, ചെറുപയറും കരിപ്പെട്ടിയും ചേർത്ത കാപ്പി, ചക്ക ചേർത്ത അട എന്നിവ മഴരുചിപ്പെരുമ എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള ഫെസ്റ്റിൽ ലഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. എൻ. സുരേഷ് പ്രസംഗിച്ചു. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ സാബു സി. മാത്യു, ബിനോയ് കെ. ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ പി. രമേശ് എന്നിവർ പങ്കെടുത്തു. ഇന്ന് വൈകുന്നേരം ഫെസ്റ്റ് സമാപിക്കും.