സ്വന്തം ലേഖകൻ
തൃശൂർ: കഴിഞ്ഞ 37 വർഷമായി കണ്‍നിറയെ കരിവീരച്ചന്തം കണ്ടാണ് തൃശൂരിൽ കർക്കിടകം പിറക്കാറുള്ളതെങ്കിൽ ഇത്തവണ ആനച്ചന്തം കണികാണാതെയാകും കർക്കിടകമെത്തുക. എന്നാൽ ഇത്തവണ ഒരാനയ്ക്ക് മാത്രമായി ആനയൂട്ട് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കൊച്ചിൻദേവസ്വം ബോർഡ് ശിവകുമാറിനായിരിക്കും ആനയൂട്ടിന് അവസരം. എന്നാൽ ഭക്തരേയോ ആനപ്രേമികളെയോ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിപ്പിക്കില്ല. രാവിലെ പത്തിനാണ് ആനയൂട്ട്.
അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഇക്കുറിയുണ്ടാകും. എന്നാൽ 108 നാളികേരം കൊണ്ടായിരിക്കും മഹാഗണപതി ഹോമം. പ്രസാദം ശീട്ടാക്കാനും ഇത്തവണ സാധിക്കില്ല.
കഴിഞ്ഞ വർഷം ചന്ദ്രഗ്രഹണമായതിനാൽ കർക്കിടകം ഒന്നിന് ആനയൂട്ട് നടത്താൻ സാധിക്കാതെ നാലു ദിവസം കഴിഞ്ഞുള്ള ഞായറാഴ്ചയാണ് നടത്തിയത്.
കോവിഡ് കൊണ്ടുപോയ തൃശൂരിന്റെ ആഘോഷങ്ങളിലേക്ക് നാളെ കഴിഞ്ഞെത്തുന്ന കർക്കിടകം ഒന്നാം തിയതിയിലെ ആനയൂട്ടിനേയും ചേർത്തുവെക്കാം.
തൃശൂർ പൂരം പോലെ തന്നെ കേരളത്തിലെന്പാടുമുള്ള ആനപ്രേമികൾക്ക് ഏറെ പ്രിയങ്കരമായതാണ് തൃശൂർ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ കർക്കിടകപുലരയിൽ നടത്തുന്ന ആനയൂട്ട്. നൂറോളം ആനകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കർക്കിടപുലരിയിൽ വടക്കുന്നാഥനിലെത്താറുണ്ട്.
ആനച്ചമയങ്ങളണിയാതെ ആനകളെ കണ്‍നിറയെ കാണാനുള്ള അപൂർവ അവസരം കൂടിയാണ് ആനയൂട്ട്. കുളിച്ച് കുറിതൊട്ട് മാലകളണിഞ്ഞ് തലയെടുപ്പോടെ തൃശൂർ വടക്കുന്നാഥ ക്ഷേത്ര മതിൽകെട്ടിനകത്ത് തെക്കേഗോപുരനടയ്ക്കരികിലായി നൂറോളം ആനകൾ നിരന്നുനിൽക്കുന്ന കാഴ്ച കർക്കിടകകണിയായി കഴിഞ്ഞ 37 വർഷമായി തൃശൂർ പതിവായി കാണുന്നതാണ്.
കരിമേഘങ്ങൾ വിണ്ണിലും കരിവീരച്ചന്തം മണ്ണിലും ഒന്നിക്കുന്ന അപൂർവകാഴ്ച കണ്ടാണ് കർക്കിടകം എഴുന്നള്ളാറുള്ളത്.