1993ൽ അന്വേഷണവും വിചാരണയും നടക്കുന്പോൾ കാർല രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. ഭർത്താക്കന്മാരുടെ തലയിൽ എല്ലാ കുറ്റവും ചാർത്തി നിരപരാധി ചമയാനുള്ള ശ്രമമാണ് അവൾ നടത്തിയത്.
തന്റെ ഭർത്താവ് തന്നെ കെണിയിലാക്കിയതാണെന്നും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് കൊലപാതകത്തിൽ പങ്കാളിയാക്കിയതെന്നും കാർല അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു.
എന്നാൽ, ഈ തന്ത്രമൊന്നും വിലപ്പോയില്ല. കാരണം പോലീസ് ശേഖരിച്ച പല വീഡിയോ തെളിവുകളിൽ കുറ്റകൃത്യങ്ങളിൽ അവളുടെ പങ്കു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു.
സ്വയം കുരുങ്ങി
കാർലയുടെ ഒരു ഹോബി തന്നെയാണ് അവൾക്കു കുരുക്ക് ഒരുക്കിയത് എന്നതാണ് സത്യം. തന്റെ ചെയ്തികളും കുറ്റകൃത്യങ്ങളുമൊക്കെ വിഡിയോ കാമറയിൽ പകർത്തിവയ്ക്കുന്നതും പിന്നീടു കണ്ട് ആസ്വദിക്കുന്നതുമൊക്കെ അവളുടെ ഹോബിയായിരുന്നു.
എന്നാൽ, ഇങ്ങനെ പകർത്തി വയ്ക്കുന്നതിന്റെ അപകടത്തെക്കുറിച്ച് അവൾ ചിന്തിച്ചിരുന്നതേയില്ല. അല്ലെങ്കിൽ അവളുടെ മനസിനെ പിടികൂടിയിരുന്ന വൈകൃതം ചിന്താശേഷിയെയും മറികടക്കുന്നതായിരുന്നു.
ഇതെന്നെങ്കിലും പോലീസ് കണ്ടെടുക്കുമെന്നോ താൻ ശേഖരിച്ചു വച്ചവ തനിക്കുതന്നെ വിനയായി മാറുമെന്നോ അവൾ ഒരിക്കൽ പോലും ആശങ്കപ്പെട്ടിരുന്നില്ല. അവളെ മാത്രമല്ല, കുറ്റകൃത്യങ്ങൾ പങ്കാളികളായിരുന്നവരെക്കൂടി ഈ വീഡിയോകൾ കുടുക്കി എന്നതാണ് സത്യം.
കേസുകളിൽ സംശയിക്കപ്പെടുകയും അറസ്റ്റിലാക്കപ്പെടുകയും ചെയ്തതിനു പിന്നാലെ കാർലയുടെ താവളങ്ങളും താമസ സ്ഥലങ്ങളുമൊക്കെ പോലീസ് അരിച്ചുപെറുക്കി പരിശോധന നടത്തി. അങ്ങനെയാണ് അവളുടെ വീഡിയോ ദൃശ്യ ശേഖരം പോലീസിന്റെ കൈയിലെത്തിയത്.
സ്വയം നിർമിച്ച തെളിവുകൾ കോടതികളിൽ കാർലയ്ക്കെതിരേ സംസാരിച്ചു. അവൾ കുറ്റകൃത്യങ്ങളിൽ സജീവ പങ്കാളിയാണെന്നും ആരും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമല്ല അവർ ഇതിൽ ഉൾപ്പെട്ടതെന്നും കോടതിക്കും ബോധ്യമായി
നിരവധി സ്ത്രീകൾ
കൗമാരക്കാരായ പെൺകുട്ടികൾക്കു പുറമെ മറ്റു സ്ത്രീകളും ഇവരുടെ ക്രൂരതകൾക്കു വിധേയരായി മാറിയിരുന്നു. കടുത്ത ലൈംഗിക അതിക്രമവും ചൂഷണവുമാണ് പലപ്പോഴും ഇവരുടെ വലയിൽ വീണ സ്ത്രീകൾ നേരിട്ടത്. ഇരകളെ മയക്കുമരുന്നു നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കടന്നാക്രമിക്കുന്നതായിരുന്നു ഇവരുടെ രീതി.
നാലു സ്ത്രീകൾ ഇങ്ങനെ ഇവർക്കെതിരേ പരാതികളുമായി രംഗത്തുവന്നു. എന്നാൽ, ഇതിലേറെ സ്ത്രീകൾ ദുരുപയോഗിക്കപ്പെട്ടു എന്നാണ് വിലയിരുത്തൽ. ഒരു പ്രത്യേക മാനസികാവസ്ഥയുള്ള സ്ത്രീയാണ് കാർല എന്നു അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു.
ചെയ്ത കുറ്റങ്ങൾക്കു 12 വർഷം തടവറയിൽ കിടന്ന കാർല 2005ൽ പുറത്തിറങ്ങി. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇവൾ ചെയ്തത് ആദ്യം തന്റെ പേര് മാറ്റുക എന്നതായിരുന്നു.
ക്രൂരതയുടെയും വൈകൃതങ്ങളുടെയും പര്യായമായി മാറിയ പഴയ പേരുമായി തനിക്ക് ഇനി ഈ സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് അവൾക്കു തോന്നിയിരുന്നു.
പേരു മാറ്റിയ ശേഷം അവൾ വീണ്ടും വിവാഹം കഴിച്ചു. ഗ്വാഡലൂപ്പിലും പിന്നീട് ക്യൂബെക്കിലും ഭർത്താവും മൂന്നു മക്കളുമൊത്തു താമസിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാർലയുടെ ആദ്യ ഭർത്താവ് പോളിനെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചിരുന്നു.
(അവസാനിച്ചു).