കടുത്ത കുറ്റവാളികൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതകൾക്കു കൂട്ടു നിന്നവൾ എന്ന പേരിലാണ് ലോകത്തിന്റെ ക്രിമിനൽ ചരിത്രത്തിൽ കനേഡിയൻ സ്വദേശിനി കാർല എന്ന യുവതി ഇടംപിടിച്ചത്.
സ്വന്തം സഹോദരി അടക്കം കാർലയുടെ ഇരകളായി മാറി എന്നതാണ് അവിശ്വസനീയമായ യാഥാർഥ്യം.
അതും തന്റെ ഭർത്താക്കന്മാരുടെ കൂട്ടുപിടിച്ചായിരുന്നു ഇവളുടെ ചെയ്തികളെല്ലാം. നിരവധി പെൺകുട്ടികൾ ഇവളുടെയും ഭർത്താക്കന്മാരുടെയും ക്രൂരതകൾക്ക് ഇരകളായി മാറി.
ചിലരെ ഇവർ ചേർന്നു കൊലപ്പെടുത്തി. ചോരപ്പാടുകൾ നിറഞ്ഞ ഒരു യക്ഷിക്കഥപോലെയായിരുന്നു ഇവളുടെ ജീവിതം.
സഹോദരിയോടും
സ്വന്തം സഹോദരിയെ മാനഭംഗപ്പെടുത്താനും തുടർന്ന് അവരെ കൊലപ്പെടുത്താനും ഭർത്താവിനെ സഹായിച്ചു എന്ന ക്രൂരതയാണ് കാർല ലിയാൻ ഹോമോൽക്കയുടെ പേരിലുള്ള ഏറ്റവും വലിയ കുറ്റം.
കനേഡിയൻ സീരിയൽ കില്ലറും ലൈംഗിക അതിക്രമങ്ങളുടെ അമരക്കാരിയുമായിരുന്നു ഇവൾ.
1970 മേയ് നാലിനായിരുന്നു ജനനം. സ്വന്തം സഹോദരിയോടു മാത്രമല്ല, മറ്റു പല പെൺകുട്ടികളോടുമുള്ള ഇവളുടെ ഇടപെടലുകളും സമാന രീതിയിൽത്തന്നെ ആയിരുന്നു.
പോൾ ബർണാഡോ എന്ന ആദ്യ ഭർത്താവായിരുന്നു കുറ്റകൃത്യങ്ങളുടെ ആദ്യത്തെ കൂട്ടുകാരൻ.
1990നും 1992നും ഇടയിൽ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെയെങ്കിലും പോൾ ബെർണാഡോ മാനഭംഗപ്പെടുത്തിയ ശേഷം കൊല ചെയ്തു എന്നാണ് റിപ്പോർട്ട്. ഈ കൊടും ക്രൂരതകൾക്കെല്ലാം കൂട്ടുനിന്നത് ഭാര്യയായ കാർല തന്നെ.
പ്രതിക്കൂട്ടിൽ
കൗമാരക്കാരായ ലെസ്ലി മഹാഫി, ക്രിസ്റ്റൻ ഫ്രഞ്ച് എന്നിവരെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലും സ്വന്തം സഹോദരി ടമ്മിയുടെ ബലാത്സംഗത്തിലും മരണത്തിലും പങ്കാളി ആയതിനും ഇവൾക്കെതിരേ കുറ്റപത്രം സമർപ്പിക്കപ്പെട്ടു.
12 വർഷം തടവിനു ശിക്ഷിക്കപ്പെട്ടപ്പോഴാണ് ലോകമെമ്പാടുമുള്ള മാധ്യമളുടെ ശ്രദ്ധയിൽ ഇവൾ എത്തിയത്. 1993ലാണ് ഹോമോൽക്കയും ബെർണാർഡോയും അറസ്റ്റിലായത്.
മഹാഫി-ഫ്രഞ്ച് കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട ബെർണാഡോയ്ക്കു ജീവപര്യന്തം തടവും അപകടകരമായ കുറ്റവാളി എന്ന മുദ്രയും ലഭിച്ചു, കാനഡയിൽ അനുവദനീയമായ പരമാവധി ശിക്ഷയായിരുന്നു ഇത്.
ഭർത്താവിനു കൂട്ട്
1990ലാണ് കാർല തന്റെ ഭർത്താവായ പോൾ ബെർണാഡോയുടെ കാമം ശമിപ്പിക്കാൻ സ്വന്തം സഹോദരിയെ എറിഞ്ഞു നൽകിയത്. ഇതോടെ കാർലയുടെ ക്രൂരമനസിന്റെ ആഴം മനസിലാവുമല്ലോ.
കാർലയുടെ ഭർത്താവിനു കാർലയുടെ സഹോദരി ടമ്മി ഹോമോൽക്കയോടു വല്ലാത്തൊരു അഭിനിവേശം ഉണ്ടായിരുന്നു.
എങ്ങനെയും അവളെ കിടക്കയിൽ എത്തിക്കണമെന്നത് അയാളുടെ വാശിയായിരുന്നു. ഭർത്താവിന്റെ ആഗ്രഹം തിരിച്ചറിഞ്ഞതോടെ കാർല ഭർത്താവിനു സഹായം വാഗ്ദാനംചെയ്യാൻ മടിച്ചില്ല. കാരണം അത്രയ്ക്കു ദുഷിച്ചതായിരുന്നു അവളുടെ മനസും ചെയ്തികളും.
മയക്കുമരുന്നു നൽകി സഹോദരിയെ ചതിച്ചുകൊണ്ടാണ് ഭർത്താവിന്റെ കിടക്കയിൽ അവളെ എത്തിച്ചു നൽകിയത്.
എന്നാൽ, ആക്രമണത്തിന്റെ ആദ്യ മിനിട്ടിൽത്തന്നെ അർധബോധാവസ്ഥയിലും ടമ്മി പോളിനെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചു.
ഇതോടെ പോളും കാർലയും ചേർന്ന് അവളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു കാർലയും ഭർത്താവും തെളിവുകൾ മായ്ക്കാൻ ശ്രമിച്ചു.
പോലീസ് സ്ഥലത്തെത്തിയപ്പോൾ മുഖത്ത് ഏതോ രാസവസ്തു ഉപയോഗിച്ചു ടമ്മിയുടെ മൃതദേഹവും മുഖവും പൊള്ളിച്ച സ്ഥിതിയിലായിരുന്നു. ഇതൊരു അപകടമരണമായി വിധിയെഴുതപ്പെട്ടു.
(തുടരും)
തയാറാക്കിയത്: എൻ.എം