ടോക്കിയോ: അഴിമതിക്കേസ് ആരോപിക്കപ്പെട്ട് പിടിയിലായ നിസാൻ മുൻ മേധാവി കാർലോസ് ഗോൻ ജപ്പാനിലെ ജയിലിൽ പീഡിപ്പിക്കപ്പെടുകയാണെന്ന് ഭാര്യ. ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശപ്രവർത്തക സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന് അയച്ച ഒന്‍പത് പേജ് അടങ്ങുന്ന കത്തിലാണ് ഭാര്യ കാരൾ ഗോൻ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജപ്പാന്റെ അതികഠിന നീതിന്യായവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് അവരുടെ ആരോപണങ്ങൾ.
ഒരു അഭിഭാഷകന്റെ സാന്നിധ്യമില്ലാതെയാണ് അന്വേഷണ ഉദ്യോഗസ്ഥർ തടവിൽ കഴിയുന്നയാളെ ചോദ്യം ചെയ്യുന്നത്. ഹീറ്ററില്ലാത്ത സെല്ലിൽ പാർപ്പിച്ചിരിക്കുന്നു. രണ്ടാഴ്ചകൊണ്ട് മൂന്നു കിലോയോളം ഭാരം കുറഞ്ഞു, മരുന്നുകൾ കഴിക്കാൻ അനുവദിക്കുന്നില്ല, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം കുളിക്കാൻ അനുവാദം തുടങ്ങിയവയാണ് ജയിലിൽ ഗോന് ലഭിക്കുന്നതെന്ന് കാരൾ ആരോപിക്കുന്നു. ഒരു മനുഷ്യജീവി എന്ന പരിഗണനയെങ്കിലും നല്‍കണമെന്നാണ് അവരുടെ ആവശ്യം.
സ്വകാര്യ നിക്ഷേപങ്ങളിൽനിന്നുണ്ടായ നഷ്ടം നികത്താൻ നിസാൻ മോട്ടോറിന്റെ ഫണ്ട് ചെലവഴിച്ചെന്നും സൗദി ബിസിനസുകാരന് കൊടുക്കാനുള്ള തുക നല്‍കിയില്ലെന്നുമാണ് കാർലോസ് ഗോന് എതിരേയുള്ള ആരോപണങ്ങൾ. ഇതിന്റെ പേരിൽ നവംബർ 19നാണ് അദ്ദേഹം അറസ്റ്റിലായത്.