തലശേരി: തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ കർമ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിന്റെ പാസ്പോർട്ടും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് ഇവ രണ്ടും പിടിച്ചെടുത്തത്. ഇന്നലെ വയനാട്ടിലെത്തിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൽപ്പറ്റ എസിജെഎം കോടതിയിൽ ഹാജരാക്കി.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം ക്രൈം ഡിറ്റാർച്ച്മെന്റ് ഡിവൈഎസ്പി എം.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിൻസ് മാത്യുവിനെ തിരുവനന്തപുരം സൈബർ ക്രൈം പോലീസിൽ നിന്നും കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പട്രോളിംഗിനിടയിലാണ് മതസ്പർദയുണ്ടാക്കുന്ന വിധത്തിലുള്ള വാർത്ത ശ്രദ്ധയിൽപെട്ടതെന്നും ഇതേതുടർന്നാണ് വിൻസ് മാത്യുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നും വയനാട് ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് രാഷ്ട്രദീപികയോട് പറഞ്ഞു. വയനാട്ടിലെ ക്വാറികളിലും ടർഫുകളിലും ഐഎസ് പരിശീലനമെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം.
പോലീസ് അന്വേഷണത്തിൽ വാർത്ത വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്.വാർത്തയുടെ ആധികാരികത നോക്കാറില്ലെന്നും ദേശീയ പോർട്ടലുകളിൽ വരുന്ന വാർത്തകൾ കോപ്പി അടിക്കുകയാണ് പതിവെന്നും വിൻസ് മാത്യു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കേരളത്തിൽ കേസുകളുള്ള വിവരം അറിഞ്ഞില്ലെന്നും ഓൺലൈൻ ചാനൽ വഴി മാസത്തിൽ നാല് ലക്ഷം രൂപ വരുമാനമുണ്ടെന്നും വിൻസ് പോലീസിനോട് പറഞ്ഞു. വിൻസ് മാത്യുവിനെ ഒന്നാം പ്രതിയായാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. തിരുവനന്തപുരം സൈബർ ക്രൈം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ള മൊബൈൽ ഫോൺ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
ക്വാറി ഉടമകളിൽ നിന്നും വൻ തുക ചിലർ ആവശ്യപ്പെടുകയും പണം നൽകാത്തതിനെ തുടർന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.തലശേരി, മാഹി കേന്ദ്രീകരിച്ചുള്ള ഒരു സംഘമാണ് ക്വാറി ഉടമകളിൽ നിന്നും പണം തട്ടാൻ ശ്രമിച്ചതെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ സംഘം തലശേരിയിൽ ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച വിവരവും പുറത്തു വന്നിട്ടുണ്ട്. സമാനമായ രീതിയിലെ വാർത്തയെ തുടർന്ന് മാഹിയിൽ ഒരു അഭിഭാഷകൻ ജീവനൊടുക്കിയിരുന്നു.
സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന അഭിഭാഷകന്റെ വീഡിയോ പകർത്തി വാർത്തയാക്കുകയും തുടർന്നുള്ള മനോവിഷമത്തിൽ അഭിഭാഷകൻ ജീവനൊടുക്കുകയുമായിരുന്നു, ഈ സംഭവവും പോലീസിന്റെ ശ്രദ്ധയിലുണ്ട്.വിൻസ് മാത്യുവിനെതിരെ കണ്ണൂരിലും തലശേരിയിലും ഉൾപ്പെടെ നിരവധി കേസുകളാണുള്ളത്. സ്കൂൾ അധ്യാപകനെ പോക്സോ കേസിൽ കുടുക്കി ഓൺലൈൻ ചാനലിൽ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത വിവരവും ഇത് സംബന്ധിച്ച വോയിസ് ക്ലിപ്പും പോലീസ് പരിശോധിച്ചു വരികയാണ്. മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.