അനാമിക
ആ ദിവസം ഇന്നും എന്റെ ഓർമയിലുണ്ട്, ഇന്നലെയെന്നപോലെ. ദാൽ തടാകത്തിനു നടുവിൽ ഒരു ഹൗസ് ബോട്ടിലാണ് ഞാനുണ്ടായിരുന്നത്. ശരീരമാകെ തല്ലുകൊണ്ടുവീങ്ങിയിരുന്നു. രക്ഷപ്പെടാനാകുമെന്നോ തിരികെ നാട്ടിലേക്കു മടങ്ങാമെന്നോ ഉള്ള പ്രതീക്ഷകളെല്ലാം മങ്ങിത്തുടങ്ങി.
മനസിന്റെ തളർച്ച ശരീരത്തിലേക്കും പടർന്നുതുടങ്ങിയിരുന്നു. പെട്ടെന്നാണ് പുറത്ത് ചീറിപ്പാഞ്ഞെത്തുന്ന ബോട്ടുകളുടെ ശബ്ദം ഞാൻ കേട്ടത്. ദാ ഇപ്പോഴും ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ഞാനുണ്ടായിരുന്ന ഹൗസ്ബോട്ട് കുറേ ബോട്ടുകൾ വളഞ്ഞു, പോലീസുകാർ ഹൗസ് ബോട്ടിലേക്കു ചാടിക്കയറി.
ആകെ സംഘർഷാവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങി. അവർ എന്നോടു സംസാരിച്ചു. ധൈര്യമായിരിക്കൂ എന്നു പറഞ്ഞ് എന്നെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. കുറച്ച് ഉദ്യോഗസ്ഥർക്കൊപ്പം എന്നെ ഒരു ബോട്ടിൽ കയറ്റി. മറ്റൊരു ബോട്ടിൽ അയാളും അനിയനും. അന്നാണ് ഞാൻ ആ നീചനെ അവസാനമായി കണ്ടത്.’
– ഇന്ത്യ സന്ദർശിച്ച് പതിനാറു വർഷത്തിനിപ്പുറം ഇന്ത്യ നൽകിയ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് കാർമൻ ഗ്രീൻ ട്രീ എന്ന മുപ്പത്തിയേഴുകാരി. തന്റെ സ്വപ്നയാത്ര എങ്ങനെയാണ് ഒരിക്കലും മറക്കാനാകാത്ത ദുഃസ്വപ്നമായി മാറിയതെന്ന് എ ഡെയ്ഞ്ചറസ് പെർസ്യൂട്ട് ഓഫ് ഹാപ്പിനസ് എന്ന പുസ്തകത്തിലൂടെ കാർമൻ വെളിപ്പെടുത്തുന്നു.
സർഫിംഗ് സുന്ദരി
കുതിച്ചുയരുന്ന തിരമാലകൾക്കു മുകളിൽ ഒരിടം സ്വപ്നം കണ്ടിരുന്ന പെണ്ണാണ് കാർമൻ ഗ്രീൻട്രീ എന്ന ഇരുപത്തിരണ്ടുകാരി. ഓസ്ട്രേലിയയിൽ ജനിച്ചുവളർന്ന കാർമെന്റെ ഇഷ്ടവിനോദം തിരയിടെ ഊളിയിട്ടു പായുന്ന സർഫിംഗ് ആയിരുന്നു. വിനോദം എന്നതിനപ്പുറം സർഫിംഗിനെ കാർമൻ ഭ്രാന്തമായി സ്നേഹിച്ചിരുന്നു.
ഒരുമുന്നറിയിപ്പും ചിട്ടയുമില്ലാതെ ഉയർന്നു വരുന്ന തിരമാലകൾക്കുമുകളിലേക്കു സർഫ് ചെയ്തു കേറുന്പോൾ അവൾ അനുഭവിച്ച ആനന്ദത്തിന് അതിരുകളില്ല. സർഫിംഗ് ലോക ചാന്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിടുന്ന ദിവസത്തിനായി കാർമൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു.
സർഫിംഗിനോളം കാർമൻ സ്നേഹിച്ച മറ്റൊന്നുമാത്രമേയുള്ളൂ, യാത്രകൾ. കുറെയേറെ യാത്രകൾ പോകണം, ആളുകളെ കാണണം, ജീവിതം അറിയണം. സർഫിംഗ് മത്സരങ്ങളുടെ ഭാഗമായി കുറെയേറെ രാജ്യങ്ങളിലേക്ക് കാർമൻ നന്നേ ചെറുപ്പത്തിലേ യാത്ര ചെയ്തിരുന്നു.
എന്നാൽ ഇരുപത്തിയൊന്നാം വയസിൽ താൻ ചെയ്ത യാത്രയാണ് തന്റെ ജീവിതം തച്ചുടച്ചതെന്ന് കാർമൻ പറയുന്പോൾ നമ്മൾ ഇന്ത്യക്കാർക്കു തലകുനിക്കേണ്ടി വരും. അതിഥി ദേവോ ഭവഃ എന്ന് അഭിമാനത്തോടെ പറയുന്ന ഇന്ത്യക്കാർക്കു കളങ്കമുണ്ടാക്കാൻ ഒരാളുണ്ടായിരുന്നു- റഫീഖ് അഹമ്മദ് ഡുണ്ടു എന്ന കാഷ്മീർ സ്വദേശി.
യാത്രയുടെ തുടക്കം
2004-ൽ ഇന്ത്യയിലേക്കു യാത്രതിരിക്കുന്പോൾ കാർമന്റെയുള്ളിൽ ഒരുപാട് നിറമുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. ഹിമാലയമായിരുന്നു കാർമന്റെ ലക്ഷ്യം. ദലൈ ലാമയുടെ കീഴിൽ പഠനം എന്നത് വളരെ നാളായി ഉള്ളിൽ കൊണ്ടു നടക്കുന്ന ആഗ്രഹമാണ്.
ഒടുവിൽ ഇന്ത്യയിലേക്കു പുറപ്പെടാനുള്ള സാഹചര്യം ഒത്തുവന്നപ്പോൾ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയുന്നതോർത്ത് അവൾ സന്തോഷിച്ചു. ഓസ്ട്രേലിയയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് ദിവസങ്ങളെണ്ണി കാർമൻ കാത്തിരുന്നു.
പക്ഷേ അവളറിഞ്ഞില്ല വലിയൊരു ദുരന്തത്തിലേക്കുള്ള യാത്രയുടെ തുടക്കം മാത്രമാണതെന്ന്. കാർമന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ തുടക്കം കാഷ്മീരിൽ നിന്നായിരുന്നു.
അവിടെവച്ച് അവിചാരിതമായി പരിചയപ്പെട്ട ഒരു പ്രദേശവാസിയാണ് റഫീഖ് അഹമ്മദിലേക്കു കാർമനെ എത്തിക്കുന്നത്. കാർമന്റെ തുടർയാത്രയ്ക്ക് ആവശ്യമായ സഹായങ്ങൾ റഫീഖ് ചെയ്തു കൊടുക്കുമെന്ന് അയാൾ പറഞ്ഞു.
മറഞ്ഞിരുന്ന ചെന്നായ!
റഫീഖിന്റെ ഇടപെടലിൽ തുടക്കത്തിൽ കാർമന് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. യാത്രയ്ക്കുള്ള കാര്യങ്ങൾ ശരിയാകുന്നതു വരെ തന്റെ വീട്ടിൽ കഴിയാമെന്നും അയാളുടെ മാതാപിതാക്കളും കുടുംബവും അവിടെയുണ്ടെന്നും അയാൾ കാർമനെ ധരിപ്പിച്ചു.
ധരംശാലയിലായിരുന്നു കാർമൻ ചേരാൻ ഉദ്ദേശിച്ചിരുന്ന കോഴ്സ് നടക്കുന്നത്. അവിടേക്കു പോകുന്നതിനു മുൻപ് ഹൗസ്ബോട്ടിൽ ഒരു രാത്രി തങ്ങണമെന്നും ദാൽ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതു രാത്രിയാണെന്നും അയാൾ കാർമനോടു പറഞ്ഞു.
ഒരു വിദേശിയായതിനാലും യാത്രകൾ ഇഷ്ടപ്പെടുന്ന വ്യക്തി ആയതിനാലും കാർമൻ അയാളെ വിശ്വസിച്ചു. എന്നാൽ, ബോട്ടിൽ കയറിയ അടുത്ത നിമിഷംതന്നെ റഫീക്കിന്റെയുള്ളിലെ ചെന്നായ പുറത്തേക്കു ചാടി. അയാളുടെ മട്ടും ഭാവവും മാറുന്നതു കണ്ടു കാർമൻ വിറച്ചു.
പുറത്തേക്കു പോകണമെന്നു പറഞ്ഞ് അവൾ ശബ്ദം ഉയർത്തിയതോടെ അയാൾ അവളെ തലങ്ങും വിലങ്ങും തല്ലി. എന്നിട്ടും അവൾ ചെറുത്തുനിന്നു. സ്വയരക്ഷയ്ക്കായി പോരാടി. തന്നെ ആരെങ്കിലും കേൾക്കുമെന്ന പ്രതീക്ഷയിൽ ഉറക്കെയുറക്കെ നിലവിളിച്ചു.
ബോധം മറയുവോളം
ആ തടാകത്തിന്റെ ഓളപ്പരപ്പിൽ അവളുടെ തേങ്ങൽ മുങ്ങാങ്കുഴിയിട്ടു കളിച്ചു. ചെറുപ്പത്തിൽ വായിച്ച കഥകളിലെപ്പോലെ രാജകുമാരനോ സൂപ്പർ ഹീറോയോ രക്ഷയ്ക്കായി എത്തില്ലെന്ന് അവൾ മനസിലാക്കി. ചെറുത്തുനിൽപ്പിനും ബലപ്രയോഗത്തിനുമൊടുവിൽ അവൾ തളർന്നു വീണു. “അന്നാണ് അയാൾ എന്നെ ആദ്യമായി കീഴ്പ്പെടുത്തിയത്.
ഞാൻ അത്രയേറെ അവശയായിരുന്നു. ചെറുത്തു നിൽക്കാൻ പോയിട്ട് ഒന്നുറക്കെ കരയാൻ പോലും എനിക്കായില്ല. ഞാൻ മരിച്ചുപോകും എന്നെനിക്കു തോന്നി. ശരീരത്തിന്റെ ഭാരം ചോർന്നു പോകുന്നത് ഞാൻ അറിഞ്ഞു. ആ രാത്രി പുലരുവോളം ഇത് ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. എത്രവട്ടമെന്നു ചോദിച്ചാൽ എനിക്കു പറയാൻ കഴിയില്ല.
ഇടയ്ക്കെപ്പോഴോ എന്റെ ബോധം മറഞ്ഞു.’ -കാർമൻ പറയുന്നു. “ബോധം തെളിഞ്ഞപ്പോൾ അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമായിരുന്നു എന്റെയുള്ളിൽ. നദിയിലേക്കു ചാടി നീന്തുക മാത്രമായിരുന്നു ഏക വഴി. അതല്ലാതെ ആ തടാകത്തിനു നടുവിൽ നിന്നു ഞാൻ എങ്ങനെ കരയ്ക്കെത്തും.
പക്ഷേ, ആ ശ്രമവും പാളി.
ഹൗസ് ബോട്ട് നിൽക്കുന്നതു സൈനിക മേഖലയിലാണെന്നും രക്ഷപ്പെടാൻ ശ്രമിച്ചാൽ സൈന്യം വെടിവെച്ചിടുമെന്നും അയാൾ പറഞ്ഞു. എന്നാൽ, രണ്ടും കൽപിച്ച് നീന്തേണ്ടതായിരുന്നു’ അവർ തുടർന്നു.
കുടുംബവും ബോട്ടിൽ!
ആ ബോട്ടിൽ അയാളുടെ മാതാപിതാക്കളും ഭാര്യയും കുഞ്ഞും രണ്ടു സഹോദരന്മാരും ഉണ്ടായിരുന്നു എന്നത് എന്നെ അതിശയിപ്പിച്ചു.
അവർ എന്നെ അവരുടെ വിശ്വാസമനുസരിച്ചുള്ള വസ്ത്രം ധരിക്കാനും മതഗ്രന്ഥം പഠിക്കാനും വിശ്വാസങ്ങൾ പിന്തുടരാനും നിർബന്ധിച്ചു
. അനുസരിക്കാതെ വന്നപ്പോൾ ശാരീരികമായി പീഡിപ്പിച്ചു. ഒടുവിൽ എനിക്കു വഴങ്ങേണ്ടി വന്നു.’ ആ കുടുംബത്തിന്റെ പീഡനം അനുഭവിച്ച് രണ്ടു മാസത്തോളം കാർമൻ ആ ബോട്ടിൽ കഴിഞ്ഞു.
ഒടുവിൽ ആ സ്വപ്നം
ഒടുവിൽ സുഹൃത്ത് കണ്ടൊരു സ്വപ്നമാണ് കാർമനെ ഈ ദുരിതക്കയത്തിൽ നിന്നു കരകയറ്റിയത്. കാർമൻ എന്തോ വലിയ ആപത്തിൽപ്പെട്ടിരിക്കുകയാണെന്നും രക്ഷപ്പെടാനാകാതെ വിഷമിക്കുകയാണെന്നും സുഹൃത്ത് സ്വപ്നം കണ്ടു.
അയാൾ ഉടൻതന്നെ ഓസ്ട്രേലിയൻ ഹൈ കമ്മീഷനുമായി ബന്ധപ്പെട്ടു കാർമൻ എവിടെയാണുള്ളതെന്നു കണ്ടെത്താൻ സഹായം അഭ്യർഥിച്ചു. ഇതേസമയം പണം ആവശ്യപ്പെട്ടു റഫീക്ക് കാർമന്റെ കുടുംബത്തെ ബന്ധപ്പെടുകയും എത്തിക്കേണ്ട സ്ഥലം അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഈ രണ്ടു സംഭവങ്ങളും കാർമന്റെ ജീവൻ തിരികെ നൽകി.
“കുറ്റവാളികൾക്കെതിരേ സാക്ഷി പറയാനോ മൊഴിനൽകാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു കാർമൻ. വലിയ മാനസിക സംഘർഷങ്ങളിലേക്കാണ് ആ സംഭവം കാർമനെ തള്ളിവിട്ടത്.’ സംഭവത്തിൽ പ്രതികൾ ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചു എന്നു കേട്ടു.
ഇന്ത്യയിലേക്കു മടങ്ങിപ്പോയി അവർക്കെതിരേ മൊഴിനൽകേണ്ടതായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ എനിക്കതിനു സാധിച്ചില്ല. പക്ഷേ ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്ന് ഇപ്പോൾ ഓർത്തുപോകുന്നു.’ ഡെയ്ലി മെയിൽ ഓസ്ട്രേലിയയ്ക്കു നൽകിയ അഭിമുഖത്തിൽ കാർമൻ പറഞ്ഞു.
പുസ്തകത്തിൽ
അത്രയേറെ വിഷമകരവും ദൗർഭാഗ്യകരവുമായ ഘട്ടത്തിലൂടെ കാർമൻ കടന്നു പോയിട്ട് നീണ്ട 16 വർഷം പിന്നിട്ടു. ഇന്ന് അവർ മുപ്പത്തിയേഴുവയസുള്ള പക്വതയാർന്ന സ്ത്രീകയാണ്. മൂന്നു കുട്ടികളുടെ സ്നേഹനിധിയായ അമ്മയാണ്.
താൻ അനുഭവിച്ച വിഷമങ്ങൾക്കുമുകളിലൂടെ നീന്തിക്കയറാൻ തന്റെയുള്ളിലെ സർഫറുടെ സഹായം കാർമന് ആവശ്യമായിരുന്നു. ഒൻപതു വർഷം മുൻപ് ഇന്ത്യയിലെത്തിയ മറ്റൊരു വിദേശിക്കും ഇതേ കുടുംബത്തിൽ നിന്നു പീഡനമേൽക്കേണ്ടിവന്നിരുന്നു. പീഡനത്തിനിരയായ വ്യക്തിതന്നെയാണ് ഈ വിവരം കാർമനോടു പങ്കുവച്ചത്.
ഈ വെളിപ്പെടുത്തലിന്റെകൂടി അടിസ്ഥാനത്തിൽ കൂടുതൽ ആളുകൾ റഫീക്കിന്റെ കുടുംബത്തിന്റെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടാകാം എന്നു കാർമൻ പറയുന്നു. ഇത്തരം സംഭവങ്ങൾ ഇനിയുമുണ്ടാകാതെയിരിക്കാനുള്ള മുൻകരുതൽകൂടിയാണ് തന്റെ പുസ്തകമെന്നും കാർമൻ കൂട്ടിച്ചേർത്തു.