നിയാസ് മുസ്തഫ
ദക്ഷിണേന്ത്യയിൽ ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന സംസ്ഥാനമാണ് കർണാടക. 28 ലോക്സഭാ സീറ്റിൽ 22 സീറ്റിലെങ്കിലും ഇവിടെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഉള്ളത്. 2014ൽ 17 സീറ്റിൽ ബിജെപി വിജയിച്ചു. ഇതിൽ ഒരു സീറ്റ് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നഷ്ടപ്പെട്ടു. കർണാടകയിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന്സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പ.
അതേസമയം, കോണ്‍ഗ്രസ് നേതാവും നടനുമായ അന്തരിച്ച അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത മാണ്ഡ്യ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായി. മൂന്നു തവണ മാണ്ഡ്യ മണ്ഡലത്തെ പ്രതിനിധീകരിച്ച എംപി കൂടിയാണ് അംബരീഷ്. 2018 നവംബർ 24ന് ബംഗളൂരുവിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. ഭർത്താവിന്റെ വേർപാടോടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ സുമലത തീരുമാനിക്കുകയായിരുന്നു. സുമലതയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയും ചെയ്തു.
മാണ്ഡ്യ മണ്ഡലത്തിൽ തനിക്ക് മത്സരിക്കാൻ താല്പര്യമുണ്ടെന്ന വിവരവും കോണ്‍ഗ്രസ് നേതൃത്വത്തെ സുമലത അറിയിച്ചിരുന്നതാണ്. എന്നാൽ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ മാണ്ഡ്യ സഖ്യകക്ഷിയായ ജെഡിഎസിനു കോണ്‍ഗ്രസ് വിട്ടുനൽകി. ഇത് സുമലതയെ മണ്ഡലത്തിൽ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു. മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് സുമലത മാണ്ഡ്യയിൽ മത്സരിക്കുന്നതിനോട് താല്പര്യമില്ല. ഇതോടെ സുമലത ഇപ്പോൾ കോണ്‍ഗ്രസുമായി ഇടഞ്ഞുനിൽക്കുകയാണ്.
മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ നിഖിൽ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ ജെഡിഎസ് സ്ഥാനാർഥി. നിഖിലിന്റെ വിജയത്തിനായി കോണ്‍ഗ്രസ് പണിയെടുക്കുമെന്ന് സിദ്ധരാമയ്യയും വ്യക്തമാക്കി. ഇതോടെ മാണ്ഡ്യമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിക്കാൻ സുമലത തീരുമാനിച്ചിരിക്കുകയാണ്. മകൻ അഭിഷേകും അമ്മയോടൊപ്പം പ്രചാരണത്തിനായി ഇറങ്ങി. സിനിമാതാരം കൂടിയാണ് അഭിഷേക്.
എന്നാൽ മാണ്ഡ്യയിലെ ഭീഷണി ഒഴിവാക്കാൻ മൈസൂരു-കുടക് സീറ്റിൽ ജെഡിഎസ് സ്ഥാനാർഥി ആയി സുമലതയെ മത്സരിപ്പിക്കാമെന്ന് ജെഡിഎസ് നേതൃത്വം തീരുമാനമെടുത്തിരുന്നു. എന്നാൽ ബിജെപി വിജയിക്കുന്ന മണ്ഡലത്തിൽ പോയി മത്സരിക്കാൻ താനില്ലെന്ന നിലപാട് സുമലത സ്വീകരിച്ചു. ഇതോടെ നിഖിലിന് സുമലത ശക്തമായ ഭീഷണിയാകുമെന്ന് ഉറപ്പായി.
അംബരീഷിനോടുളള ജനങ്ങളുടെ സ്നേഹവും സഹതാപതരംഗവും തന്റെ താരമൂല്യവുമെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സുമലത ഇപ്പോൾ. എന്നാൽ മാണ്ഡ്യയിൽ ബിജെപി ഇതുവരെ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കിയിട്ടില്ല. സുമലതയെ പിന്തുണയ്ക്കുന്ന കാര്യം ബിജെപി സജീവമായി ആലോചിക്കുന്നുണ്ട്.
അതേസമയം, ദേവഗൗഡയുടെ കുടുംബരാഷ്ട്രീയത്തിനെതിരേ ബിജെപി രംഗത്തുവന്നിട്ടുണ്ട്. മകൻ കുമാരസ്വാമി കർണാടകത്തിലെ മുഖ്യമന്ത്രി, മറ്റൊരു മകനായ രേവണ്ണ പൊതുമരാമത്ത് മന്ത്രി. ഇതുകൂടാതെ കൊച്ചുമക്കളായ നിഖിൽ കുമാരസ്വാമിയേയും പ്രജ്വൽ രേവണ്ണയേയും ലോക്സഭയിലേക്കും മത്സരിപ്പിക്കുന്നു. ദേവഗൗഡ മത്സരിച്ച ഹസൻ മണ്ഡലത്തിലാണ് പ്രജ്വൽ രേവണ്ണ മത്സരിക്കുന്നത്.
കൊച്ചുമക്കളുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയപ്പോൾ വികാരാധീനനായി ദേവഗൗഡ കരഞ്ഞത് വാർത്തയായിരുന്നു. ഈ കരച്ചിലിനെ ബിജെപി പരിഹസിച്ചിരുന്നു. രാഷ്ട്രീയത്തിൽ തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയി ജനസേവനം നടത്താനാണ് കൊച്ചുമക്കൾക്കു സീറ്റ് നൽകിയതെന്നാണ് ദേവഗൗഡയുടെ വാദം.