ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകയിൽ വീട്ടമ്മമാരെ കൈയിലെടുക്കാൻ ജനപ്രിയ പദ്ധതികളുമായി കോൺഗ്രസ്.
അധികാരത്തിലെത്തിയാൽ കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത “നാ നായഗി’ വനിതാ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
‘ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ കീഴിൽ 24,000 രൂപ പ്രതിവർഷം വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കും. സ്ത്രീശാക്തീകരണമാണ് ‘ഈ പദ്ധതിയുടെ ലക്ഷ്യം. ഒന്നര കോടി സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
സംസ്ഥാനത്തെ ഓരോ സ്ത്രീയെയും ശാക്തീകരിക്കുക വഴി അവരെ സ്വന്തം കാലിൽ നിർത്തുകയാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ആഞ്ഞടിച്ച പ്രിയങ്ക അഴിമതിയിൽ മുങ്ങിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ആരോപിച്ചു.
കർണാടകയിലെ അവസ്ഥ തീർത്തും ലജ്ജാകരമാണ്.നിങ്ങളുടെ മന്ത്രിമാർ തൊഴിൽ നൽകുന്നതിന് 40 ശതമാനം കമ്മീഷൻ ഈടാക്കുന്നുണ്ട്.
പൊതുജനത്തിന്റെ ഒന്നരലക്ഷം കോടി രൂപയാണ് അഴിമതിയിലൂടെ നഷ്ടപ്പെട്ടത്. 8,000കോടി രൂപയ്ക്ക് ബംഗളൂരുവിൽ ഒരു വികസനപ്രവർത്തനം നടത്തിയാൽ അതിൽ 3,200 കോടി രൂപ മന്ത്രിമാരുടെ കമ്മീഷനായിരിക്കും – പ്രിയങ്ക ആരോപിച്ചു.