ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് എട്ടു ദിനം മാത്രം ശേഷിക്കേ പ്രചാരണം കൂടുതൽ കടുപ്പത്തിലേക്ക്. കോൺഗ്രസും ബിജെപിയും പ്രകടന പത്രികകൾ പുറത്തിറക്കി.
സംവരണ പരിധി ഉയർത്തുമെന്നു കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനംചെയ്തു. 50 ശതമാനത്തിൽനിന്നു 70 ശതമാനമാക്കിയാണ് സംവരണ പരിധി ഉയർത്തുന്നത്. മുസ് ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.
ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും. എസ് സി സംവരണം 15 ശതമാനത്തില്‍നിന്നു 17 ഉം എസ് ടി സംവരണം മൂന്നില്‍നിന്ന് ഏഴും ശതമാനമാക്കും. സംസ്ഥാനത്തെ സാമൂഹ്യ – സാമ്പത്തിക സെൻസസ് പുറത്തുവിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴിൽരഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം, എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്, അധികാരത്തിൽ വന്ന് ആദ്യത്തെ രണ്ടു വർഷം എല്ലാ തൊഴിൽ രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കൾക്കും പ്രതിമാസം 3000 രൂപ, ഡിപ്ലോമ ഉള്ളവർക്ക് 1500 പ്രതിമാസം, എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി ബിഎംടിസി ബസുകളിൽ സൗജന്യയാത്ര തുടങ്ങിയ വാഗ്ദാനങ്ങൾ അധികാരത്തിലേറിയാൽ ആദ്യ കാബിനറ്റ് യോഗത്തിൽതന്നെ അംഗീകരിക്കും.
കഴിഞ്ഞദിവസം ബിജെപിയുടെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം. ഇതിനായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും ആ സമിതിയുടെ നിർദേശപ്രകാരമാകും തുടർ തീരുമാനങ്ങളെന്നും പ്രകടനപത്രിക പറയുന്നു.
ബിപിഎൽ കുടുംബങ്ങളെ ലക്ഷ്യമിട്ടും നിരവധി വാഗ്ദാനങ്ങൾ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. 15 ഇന വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടനപത്രിക ബിജെപി ദേശീയാധ്യക്ഷൻ ജെ.പി നദ്ദയാണ് ഇന്നലെ ബംഗളൂരുവിൽ പുറത്തിറക്കിയത്. മേയ് 10നാണ് തെരഞ്ഞെടുപ്പ്.