ബംഗളൂരു: ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍സല്ല വിവാഹമെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യയെ ലൈംഗീക അടിമയായി ഉപയോഗിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ ബലാത്സംഗ കുറ്റം ചുമത്താൻ അനുമതി നല്കിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം.
സ്ത്രീയ്ക്കെതിരായ അതിക്രമത്തിന് പുരുഷൻ ശിക്ഷാർഹനാണെങ്കിൽ, അയാൾ ഭർത്താവാണെങ്കിലും ശിക്ഷാർഹനായിരിക്കണം- കോടതി പറഞ്ഞു.
ഭർത്താവ് ആണെങ്കിലും, ഭാര്യയുടെ സമ്മതത്തിനു വിരുദ്ധമായി ലൈംഗികാതിക്രമം നടത്തുന്ന ക്രൂരമായ പ്രവൃത്തിയെ ബലാത്സംഗം എന്നല്ലാതെവിശേഷിപ്പിക്കാനാവില്ല.
ഭർത്താവ് ഭാര്യയെ ലൈംഗീകമായി ആക്രമിക്കുന്നത് ഭാര്യയുടെ മാനസിക തലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
അത് അവളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഭർത്താക്കന്മാരുടെ ഇത്തരം പ്രവൃത്തികൾ ഭാര്യമാരുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നു- കോടതി ചൂണ്ടിക്കാട്ടി.
ഭര്ത്താക്കന്മാര് ഭാര്യമാരുടെ ശരീരവും മനസും ആത്മാവും അടക്കി ഭരിക്കുന്ന ഭരണാധികാരികളാണെന്നുള്ള പുരാതനമായ ചിന്തയും കീഴ്വഴക്കവും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഈ ചിന്താഗതി കാരണമാണ് ഇത്തരം കേസുകള്‍ രാജ്യത്ത് പെരുകുന്നതെന്നും ഉത്തരവില്‍ പറയുന്നു.