നിയാസ് മുസ്തഫ
ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്പിൽ എത്തിയതോടെ കർണാടക രാഷ്ട്രീയം തിളച്ചു മറിയുന്നു. തെരഞ്ഞെടുപ്പിനു മുന്പ് കർണാടകത്തിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ വലിച്ചു താഴെയിടാനുള്ള അടവുകളാണ് ബിജെപി ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്. ഇതുവഴി ദക്ഷിണേന്ത്യയിൽ കോൺ ഗ്രസിന്റെ ആത്മവിശ്വാസം ഇല്ലാതാക്കാൻ ബിജെപിക്കാകും.
അഞ്ച് കോൺഗ്രസ് എംഎൽഎമാരെ കാണാനില്ലെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം. മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിൽ എത്തിയതായി മന്ത്രി ഡി.കെ ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ പിന്തുണയോടെ മുംബൈയിലെ റിസോർട്ടിൽ ബിജെപി ചെലവിൽ മൂന്ന് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
കോൺഗ്രസ് എംഎൽഎമാരായ രമേഷ് ജാർക്കിഹോളി, ആനന്ദ് സിംഗ്, ബി. നാഗേന്ദ്ര എന്നിവരാണ് ബിജെപി പാളയത്തിലെത്തിയത്. അടുത്തിടെ മന്ത്രിസഭാ പുനഃസംഘടന വന്നപ്പോൾ രമേഷ് ജാർക്കിഹോളിക്ക് സ്ഥാനം നഷ്ടപ്പെട്ടതോടെയാണ് ഇദ്ദഹത്തിന്റെ നേതൃത്വത്തിൽ വിമത പ്രവർത്തനം തുടങ്ങിയത്.
എന്നാൽ ഈ മൂന്ന് എംഎൽഎമാരെക്കൂടാതെ ഉമേഷ് ജാദവ്, ബി.സി പാട്ടീൽ എന്നീ രണ്ട് എംഎൽഎമാരെക്കൂടി കാണാനില്ലെന്നാണ് പുതിയ വിവരം. ഇവരും ബിജെപി പാളയത്തിൽ പോയതായി സൂചനയുണ്ട്. കർണാടക രാഷ്ട്രീയത്തിലെ അവസ്ഥ സങ്കീർണമായതോടെ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എംപി ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം കർണാടകയിൽ എത്തിയിരിക്കുന്നത്.
കോൺഗ്രസ് അവരുടെ ഒരു ഗുമസ്തനെപ്പോലെയാണ് തന്നെ കാണുന്നതെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അടുത്തിടെ പറഞ്ഞ തോടെയാണ് കോൺഗ്രസ്-ജെഡിഎസ് ബന്ധത്തിലെ വിള്ളൽ പരസ്യമായത്. മൂന്നാംകിട പാർട്ടിയായി ജെഡിഎസിനെ കാണ രുതെന്നും അദ്ദേഹം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
കോൺഗ്രസ്-ജെഡിഎസ് ബന്ധത്തിലെ വിള്ളലുകൾ പരസ്യമായതോടെയാണ് ബിജെപി കർണാടകയിൽ കളം മാറ്റി ചവിട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സർക്കാരിനെ താഴെയിടാൻ ശ്രമിക്കേണ്ട എന്നായിരുന്നു ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. എന്നാൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിൽ അസംതൃപ്തരായ കോൺഗ്രസ് എംഎൽഎമാർ തങ്ങളുടെ പാളയത്തിൽ എത്തിയതോടെയാണ് സർക്കാരിനെ മറിച്ചിടാനുള്ള ‘ഒാപ്പറേഷൻ താമര’ ബിജെപി ആരംഭിച്ചിരിക്കുന്നത്.
ഇതേസമയം തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസും ജെഡിഎസും ചാക്കിട്ടു പിടിക്കുമോയെന്ന് ബിജെപിയും ഭയക്കുന്നു. ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ പങ്കെ ടുക്കാനെത്തിയ ബിജെപി എംഎൽഎമാരെ ഗുഡ്ഗാവിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ഈ വിവരം ബിജെപി കർണാടക അധ്യക്ഷൻ ബിഎസ് യെദിയൂരപ്പ സ്ഥിരീകരിച്ചിട്ടുണ്ട്.
എംഎൽഎമാർ കുറച്ചു ദിവസം ഗുഡ്ഗാവിൽ താമസിക്കട്ടെ, അത് അവരുടെ ഇഷ്ടമാണ്, എംഎൽഎ മാർ ചാടിപ്പോകുമെന്ന് തങ്ങൾ ഭയക്കുന്നില്ലെന്നും യെദിയൂരപ്പ പറഞ്ഞു. അതേസമയം, ബിജെപിയുമായി ഉടക്കി നിൽക്കുന്ന അഞ്ച് എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു വന്നിട്ടുണ്ടെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഈ വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ബിജെപി എംഎൽഎമാരെ ഗുഡ്ഗാവിലെ റിസോർട്ടിലേക്ക് ബിജെപി നേതൃത്വം മാറ്റിയത്.
എന്നാൽ ഭരണത്തിൽ പ്രതിസന്ധി വരില്ലെന്നും കോൺഗ്രസ് എംഎൽഎമാർ ഉടൻ തിരിച്ചെത്തുമെന്നും അവരുമായി ആശയവിനിമയം നടത്തിവരികയാണെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. സഖ്യ സർക്കാരിനെ തകർക്കാൻ ബിജെപിക്ക് ആവില്ലെന്നും അഞ്ചുവർഷം സർക്കാർ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണം അട്ടിമറിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ കോൺഗ്രസും ജെഡിഎസും ശ്രമിക്കുകയാണെന്നും ബിഎസ് യെദിയൂരപ്പ വ്യക്തമാക്കി യിട്ടുണ്ട്. കർണാടകയിൽ 224 അംഗ സംഖ്യയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 120 എംഎൽഎമാരുണ്ട്. ബിജെപിക്ക് 104 എംഎൽഎമാരും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് കോൺഗ്രസും ജെഡിഎസും ഒറ്റയ്ക്കാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പിനുശേഷം ആർക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ ജെഡിഎസിന് കോൺഗ്രസ് പിന്തുണ നൽകി സർക്കാരുണ്ടാക്കുകയായിരുന്നു.