മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെ മാലിന്യ സംസ്കരണം പഠിക്കുന്നതിനു കർണാടകത്തിലെ വിദ്യാർഥികളും നഗരസഭ അധികൃതരും മട്ടന്നൂരിലെത്തി. മംഗലാപുരം ഉളളാൽ സിറ്റി നഗരസഭ കൗൺസിൽ അംഗങ്ങളും സോഷ്യൽ വർക്കർമാരായ വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് മാലിന്യ സംസ്കരണം പഠിക്കുന്നതിനെത്തിയത്.
മട്ടന്നൂർ നഗരസഭയിൽ നടപ്പിലാക്കിയ മാലിന്യ സംസ്കരണങ്ങൾ കണ്ടു പഠിച്ചു മംഗലാപുരം ഉളളാൽ നഗരസഭയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സംഘമെത്തിയത്. പ്ലാസ്റ്റിക് നിരോധനവും പ്ലാസ്റ്റിക് സംസ്കരണവും നടപ്പിലാക്കി മാതൃകയായ നഗരസഭയെക്കുറിച്ചു അറിഞ്ഞതോടെയാണ് ഉളളാൽ നഗരസഭയിലും നടപ്പിലാക്കണമെന്ന ആഗ്രഹത്തോടെ കൗൺസിൽ സംഘമെത്തിയത്.
നഗരസഭ കൗൺസിൽ അംഗങ്ങളും സ്കൂൾ ഓഫ് സോഷ്യൽ വർക്ക് റോഷിനി നിലയത്തിലെ വിദ്യാർഥികളും അടങ്ങുന്ന 25 പേരാണ് മട്ടന്നൂർ നഗരസഭയിലെത്തിയത്. ഇന്നലെ രാവിലെ 11 ഓടെ ഓഫീസിലെത്തിയ സംഘത്തെ നഗരസഭ ജനപ്രതിനിധികൾ സ്വീകരിച്ചു. തുടർന്നു മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിനെക്കുറിച്ചു നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.രാജശേഖരൻ നായർ ക്ലാസെടുത്തു.
കരിത്തൂർ പറമ്പിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രവും വാതകശ്മശാന കേന്ദ്രവും കണ്ടാണ് സംഘം വൈകിട്ടോടെ മടങ്ങിയത്. ഉളളാൽ സിറ്റി നഗരസഭ കമ്മീഷണർ വാണി വി.അൽവ, കിഷോർ അതവാസ്, ഈവ് ലിൻ ബെന്നീസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. നഗരസഭയിൽ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് കമ്മീഷണർ പറഞ്ഞു.
മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, എം.റോജ, പി.പ്രസീന, എ.കെ.സുരേഷ് കുമാർ, ഷാഹിന സത്യൻ, വി.പി.ഇസ്മായിൽ, കെ.പി. രമേഷ് ബാബു, പി. രേഖ, വി.കെ.സുഗതൻ തുടങ്ങിയവർ ക്ലാസിൽ പ്രസംഗിച്ചു.