വെള്ളം കിട്ടാനില്ല; കര്‍ണാടകയിലെ 68 താലൂക്കുകള്‍ വരള്‍ച്ചാബാധിതം

L-VARALCHAബംഗളൂരു: കാവേരിയില്‍നിന്നു തമിഴ്‌നാടിനു വെള്ളം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടു തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ കര്‍ണാടക സംസ്ഥാനം വരള്‍ച്ചയിലേക്കു നീങ്ങുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 68 താലൂക്കുകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചു. ഇവയില്‍ 16 എണ്ണം കാവേരി നദീതടത്തിലെ മൈസൂരു, മാണ്ഡ്യ, ചാമരാജനഗര്‍ ജില്ലകളില്‍ ഉള്‍പ്പെടുന്നതാണ്. സംസ്ഥാനത്തെ വരള്‍ച്ചബാധിത പ്രദേശങ്ങള്‍ കണ്ടെത്താനായി സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.

മഴക്കുറവ് മൂലം സംസ്ഥാനത്തെ 150ഓളം ഗ്രാമങ്ങള്‍ ഇപ്പോള്‍ത്തന്നെ വരള്‍ച്ചയുടെ പിടിയിലാണെന്നു സര്‍ക്കാര്‍ സര്‍വേയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം 206 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്തു സംസ്ഥാനത്ത് 126 മില്ലിമീറ്റര്‍ മഴ മാത്രമാണു ലഭിച്ചത്. ജലക്ഷാമത്തെത്തുടര്‍ന്നു സംസ്ഥാനത്തെ കാര്‍ഷിക ഉത്പാദനത്തില്‍ 33 ശതമാനത്തിന്റെ കുറവുണ്ടായതായി സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അറിയിച്ചു.

കാവേരി അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ കാവേരി നദീതടങ്ങളിലെ രണ്ടരലക്ഷം ഏക്കര്‍ സ്ഥലത്തു ജലവിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. വെള്ളം കൂടുതല്‍ ആവശ്യമായ കരിമ്പ്, നെല്‍കൃഷികള്‍ക്കുള്ള ജലസേചനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാരില്‍നിന്ന് 2,263 കോടി രൂപയുടെ സാമ്പത്തികസഹായം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Related posts