ബംഗളൂരു: കർണാടകയിൽ എച്ച്.ഡി.കുമാരസ്വാമി സർക്കാരിനെ പ്രതിസന്ധിയിലാക്കി 11 എംഎൽഎമാർ രാജി നൽകി. കോൺഗ്രസിലെ എട്ടും ജനതാദൾ സെക്കുസലറിലെ മൂന്നും എംഎൽഎമാരുമാണ് രാജി നൽകിയത്. എംഎൽഎമാർ 11 പേരും വൈകുന്നേരം സ്പീക്കറുടെ ഓഫീസിലെത്തി രാജി നൽകിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.
രാജി നൽകിയ എംഎൽഎമാരിൽ എട്ടു പേർ ഗവർണറെ കാണാനുള്ള തയാറെടുപ്പിലാണ്. ഈ നിയമസഭാംഗങ്ങളുടെ രാജി അംഗീകരിക്കപ്പെട്ടാൽ കുമാരസ്വാമി സർക്കാരിന്റെ നിലനിൽപ്പ് അപകടത്തിലാകും.
താൻ മകളെ കൂട്ടാൻ വേണ്ടി വീട്ടിലേക്കുപോയ സമയമാണ് എംഎൽഎമാർ ഓഫീസിൽ എത്തിയത്. ഇവരുടെ രാജിക്കത്ത് വാങ്ങിവയ്ക്കാനും ഇവ ലഭിച്ചതായുള്ള രേഖ നൽകാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചുണ്ടെന്ന് സ്പീക്കർ രമേഷ് കുമാർ പറഞ്ഞു. ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച എംഎൽഎമാരെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ വിധാന്‍ സഭയിലെത്തി എംഎല്‍എമാരെ കണ്ടു. എംഎല്‍എമാര്‍ ആരും രാജിവയ്ക്കി ല്ലെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അമേരിക്കൻ സന്ദർശനത്തിലാണ്.
നിലവിലെ സാഹചര്യത്തിൽ 13 ഭരണപക്ഷ എംഎൽഎമാർ രാജിവയ്ക്കുന്നതോടെ കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമാകും.