വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കർണന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തുവാൻ ശ്രമിക്കുന്നുവെന്ന് സംവിധായകൻ ആർ.എസ്. വിമൽ. സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിനെ കുറിച്ചാണ് അദ്ദേഹം തുറന്ന് പറഞ്ഞത്.
കാസ്റ്റിംഗ് ഡയറക്ടർ എന്ന പേരിൽ മിടേഷ് നായിഡു എന്നയാളാണ് സാമൂഹിക മാധ്യമങ്ങൾ വഴി തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവിക്കും ആർ.എസ്. വിമൽ പരാതി നൽകിയിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ.എസ്. വിമൽ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള ഇംപാക്ട് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ്. കൂടാതെ സിനിമയുടെ ലോഗോ വ്യജമായി നിർമിച്ച് കർണന്റെ സോഷ്യൽമീഡിയ പേജുകൾക്ക് സമാനമായ പേജുകൾ തട്ടിപ്പ് സംഘം നിർമിച്ച് പ്രചരിപ്പിച്ചിരുന്നു.
കർണന്റെ കാമുകിയായ കാഞ്ചനമാലയുടെ റോളിലേക്ക് എന്ന പേരിലാണ് അഭിനേതാക്കളെ തേടുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് ഷൂട്ടിംഗിനെ കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിശദമായി പറയും. 76 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടെന്നും ഇതിനായി രണ്ട് ലക്ഷം രൂപ ചിലവാകുമെന്നും ഇത് അഭിനേതാക്കൾ തന്നെ വഹിക്കണമെന്നും ആവശ്യപ്പെടും. ഇത് സമ്മതിക്കുന്നവരോട് 8500 രൂപ ഓണ്ലൈനായി അടച്ച് കരാർ ഒപ്പിടണമെന്നും പറയും.
എന്നാൽ മഹാഭാരതത്തിൽ കാഞ്ചനമാല എന്ന കഥാപാത്രം ഇല്ല. ഇത് അറിയാത്തവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇവരുടെ പരസ്യം കണ്ട് മുംബൈ സ്വദേശിനി സിമ്രാൻ ശർമ സിനിമയിൽ അഭിനയിക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിമ്രാന്റെ സഹോദരൻ ഗൗരവ് ശർമയാണ് സിനിമയുടെ അണിയറ പ്രവർത്തകരെ തട്ടിപ്പിനെക്കുറിച്ച് അറിയിച്ചത്.
ആർ.എസ്. വിമൽ ഇതിനെക്കുറിച്ച് ഫേസ്ബുക്കിൽ കൂടിയാണ് അറിയിച്ചത്. നിരവധി സ്ക്രീൻ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.