ധനുഷ് ചിത്രമായ ‘കർണ്ണനിൽ’ യമ രാജ എന്ന തന്റെ കഥാപാത്രത്തിന് ശബ്ദം നൽകാത്തതിന്റെ കാരണം വെളിപ്പെടുത്തി നടൻ ലാൽ.
“കർണ്ണനിലെ യമ രാജ എന്ന കഥാപാത്രത്തിനു ഞാൻ എന്തുകൊണ്ട് ശബ്ദം നൽകിയില്ല എന്ന് പലരും ചോദിച്ചു.
നിങ്ങൾക്കെല്ലാം അറിയാവുന്നതു പോലെ, ‘കർണ്ണൻ’ തിരുനൽവേലി പശ്ചാത്തലമാക്കി ചിത്രീകരിച്ച സിനിമയാണ്.
ചെന്നൈയിൽ സംസാരിക്കുന്ന തമിഴിനേക്കാൾ അവിടുത്തെ ഭാഷാ രീതി വളരെ വ്യതാസമാണ്.
മലയാളഭാഷ നോക്കിയാൽ തന്നെയും, തൃശൂർ ഭാഷ പരിചയമില്ലാത്തൊരാൾ സംസാരിക്കാൻ ശ്രമിച്ചാൽ അത് വെറുമൊരു അനുകരണം മാത്രമേ ആകൂ, യഥാർത്ഥ ശൈലിയെക്കാൾ വളരെ അന്തരമുണ്ടാകും.
കർണ്ണൻ’ ഭാഷയും സംസ്ക്കാരവും ഒട്ടേറെ പ്രാധാന്യമർഹിക്കുന്ന സിനിമയായതിനാൽ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി വ്യത്യസ്ത രീതിയിലെ തമിഴ് ഭാഷ സംസാരിച്ചേ മതിയാവൂ.
സിനിമയിൽ വേഷമിട്ട പലരും ആ നാട്ടുകാരായതിനാൽ എന്റെ ശബ്ദം അവരിൽ നിന്നും വ്യത്യസ്തമാവുമായിരുന്നു. ഈ സിനിമയ്ക്ക് 100 ശതമാനത്തിൽ കുറഞ്ഞതൊന്നും നൽകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.
സംവിധായകൻ മാരി സെൽവരാജ് സാറിന്റെയും നിർമ്മാതാവ് കലൈപുളി എസ്. താണു സാറിന്റെയും നിർബന്ധപ്രകാരം ഞാൻ ചെന്നൈയിൽ ഡബ്ബ് ചെയ്യാൻ പോയിരുന്നു.
സിനിമയുടെ നല്ലതിന് വേണ്ടിയും എന്റെ നിർബന്ധം മൂലവും അവർ ഒരു തിരുനൽവേലി സ്വദേശിയുടെ ശബ്ദം കഥാപാത്രത്തിനായി ഉപയോഗിക്കുകയായിരുന്നു,” ലാൽ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.