കുഞ്ഞാലി മരയ്ക്കാർ, മാമാങ്കം കൂടാതെ ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ തുടങ്ങി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. നടനും സംവിധായകനും നിർമാതാവുമായ പി. ശ്രീകുമാർ തിരക്കഥ രചിച്ച് നടൻ മധുപാൽ സംവിധാനം ചെയ്യുന്ന കർണനിലും മമ്മൂട്ടി പ്രധാനവേഷത്തെ അവതരിപ്പിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനത്തിനു ശേഷം ചിത്രത്തെക്കുറിച്ച് ഒരു സൂചനകളും എത്തിയിരുന്നില്ല.
എന്നാൽ അതിനും മുന്പ് ആർ. എസ്. വിമൽ പ്രഥ്വിരാജിനെ നായകനാക്കി കർണൻ എന്ന പേരിൽ തന്നെ മറ്റൊരു ചിത്രം പ്രഖ്യാപിക്കുകയും പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ ചിത്രത്തെ സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നുവെങ്കിലും മമ്മൂട്ടിയുടെ ചിത്രത്തെക്കുറിച്ച് വാർത്തകളൊന്നും പുറത്തുവന്നിരുന്നില്ല.
ഇപ്പൊഴിതാ മമ്മൂട്ടിയുടെ കർണൻ ഉപേക്ഷിച്ചിട്ടില്ലെന്നും 2018 ജനുവരിയിൽ ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള ഒൗദ്യോഗിക പ്രഖ്യാപനങ്ങൾ മമ്മൂട്ടിയിൽ നിന്നുതന്നെ ഉണ്ടായേക്കുമെന്നും അറിയിച്ച് തിരക്കഥാകൃത്ത് പി. ശ്രീകുമാർ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച കാര്യങ്ങളൊന്നും പുറത്തുപറയാൻ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.