ബംഗളുരൂ: അശ്ലീല വീഡിയോ വിവാദത്തിൽപ്പെട്ട മന്ത്രി രമേഷ് ജാർക്കിഹോളിയുടെ രാജി കർണാടകയിൽ പ്രതിപക്ഷത്തിന് ശക്തമായ ആയുധമായി.
ഇന്ന് ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ജലവിഭവ മന്ത്രി ജാർക്കിഹോളി ലൈംഗിക പീഡന ആരോപണത്തിൽ കുടുങ്ങിയത്.
മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പരാമർശിക്കുന്ന സംഭാഷണവും ഇദ്ദേഹത്തിന്റേതായി പുറത്തുവന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.
രമേഷ് നിരപരാധിയാണെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് സഹോദരനും ബിജെപി എംഎൽഎയുമായ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.
ജാർക്കിഹോളിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് അനുയായികൾ പലയിടങ്ങളിലും അക്രമം അഴിച്ചുവിട്ടു.
അദ്ദേഹത്തിന്റെ മണ്ഡലമായ ബെളഗാവിയിലെ ഗോഖകിൽ ബസുകൾക്കു കല്ലെറിയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. റോഡിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ച് ഗതാഗതവും തടസപ്പെടുത്തി.
പത്തിലേറെ ബസുകളാണ് അതിക്രമത്തിൽ തകർന്നത്. അനുയായികളിൽ ഒരാൾ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാനും ശ്രമിച്ചു. പോലീസ് ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു.
ഒരു യുവതിയോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോണ്ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയാണ് രമേഷ് ജാർക്കിഹോളിക്കെതിരേ ആദ്യം രംഗത്തുവന്നത്. കോണ്ഗ്രസിലുള്ളപ്പോൾ സിദ്ധരാമയ്യയുടെ വിശ്വസ്തനായിരുന്നു രമേഷ് ജാർക്കിഹോളി.
മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും കേസെടുക്കണമെന്നും മുഖ്യമന്ത്രി ബി.എസ്. യദീയൂരപ്പയോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. വീഡിയോയും സംഭാഷണവും വൈറലായതോടെ ബിജെപി പ്രതിരോധത്തിലായി.
സംഭവം ബിജെപിയെ അന്പരപ്പിച്ചുവെന്നും വിഷയം നേതൃത്വവുമായി ചർച്ചചെയ്യുമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
കുറ്റവിമുക്തനായാൽ ജാർക്കിഹോളി മന്ത്രിസഭയിൽ തിരിച്ചെത്തുമെന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ പറഞ്ഞു.