ന്യൂഡൽഹി: കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം ബിജെപി വിമതർ ഡൽഹിയിൽ. പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ ഇടപെട്ട് വിജയേന്ദ്രയെ നീക്കണമെന്നാണ് ആവശ്യം. വരാനിരിക്കുന്ന സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായാണു വിമതനീക്കം.
രമേശ് ജാർക്കിഹോളി എംഎൽഎയുടെ നേതൃത്വത്തിൽ മുൻ നിയമസഭാംഗങ്ങളായ കുമാർ ബംഗാരപ്പ, ശ്രീമന്ത് പാട്ടീൽ എന്നിവരാണു നദ്ദയെ കാണാൻ ഡൽഹിയിലെത്തിയത്. ബസൻഗൗഡ പാട്ടീൽ യത്ന, ബി.പി. ഹരീഷ് എന്നിവരുൾപ്പെടെ കൂടുതൽ എംഎൽഎമാരും മുൻ എംഎൽഎമാരായ അരവിന്ദ് ലിംബാവലി, പ്രതാബ് സിംഹ എന്നിവരും ഇതേ ആവശ്യമുന്നയിച്ച് ഇന്നു ഡൽഹിയിലെത്തും.
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോൽവികൾ ചൂണ്ടിക്കാട്ടി വിജയേന്ദ്രയുടെ നേതൃത്വം ഫലപ്രദമല്ലെന്നാണ് ഒരുകൂട്ടം നേതാക്കളുടെ ആരോപണം. കോൺഗ്രസ് സർക്കാരിനെതിരേയുള്ള വിജയേന്ദ്രയുടെ നയം “അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ എന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ മാസവും വിമതർ ജെ.പി. നദ്ദയെ കാണാൻ ശ്രമിച്ചിരുന്നു.