ബസിന് അടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ഡ്രൈവര്‍ വാഹനമോടിച്ചത് 70 കിലോമീറ്റര്‍. കര്‍ണാടക ആര്‍ടിസിയുടെ ബസാണ് മൃതദേഹവും കുരുക്കി കുതിച്ചുപാഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍നിന്നു ബംഗളുരുവിലേക്കു സര്‍വീസ് നടത്തിയ ബസിനടിയിലാണ് അപകടത്തില്‍പ്പെട്ടയാള്‍ കുരുങ്ങിയത്. മരിച്ചയാളെ ശനിയാഴ്ച രാത്രിയും തിരിച്ചറിഞ്ഞിട്ടില്ല. 30-40 വയസിനിടെ പ്രായമുള്ളയാളുടെയാണ് മൃതദേഹം.
മൈസൂരില്‍നിന്നു ബംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെ ചന്നപടന്നയില്‍ എത്തിയപ്പോള്‍ ബസില്‍ ചെറുതായി ഇടിക്കുന്ന ശബ്ദം കേട്ടിരുന്നതായും കല്ലില്‍ തട്ടിയതാണെന്നാണു താന്‍ വിചാരിച്ചതെന്നും അറസ്റ്റിലായ ഡ്രൈവര്‍ മൊഹിനുദീന്‍ പോലീസിനോടു പറഞ്ഞു. ബംഗളുരുവില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയായിരുന്നു ഈ സംഭവം നടന്നത്.
ഇതിനുശേഷം രാത്രി രണ്ടരയോടെയാണ് ബംഗളുരുവിലെത്തിയത്. പിന്നീട് രാവിലെ എട്ടോടെ വാഹനം കഴുകാനായി എടുത്തപ്പോള്‍ ബസിനടിയില്‍ മൃതദേഹം കുടുങ്ങിയതു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. അപകടകരമായി വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍, എന്നീ കുറ്റങ്ങള്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് ചുമത്തി.