ബംഗളൂരു: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ എണ്ണത്തിൽ 800 ശതമാനത്തിൻറെ വർധനയുണ്ടായതായാണ് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് ഇത്തരത്തിലുള്ള മൊത്തം കേസുകളിൽ നാലു ശതമാനവും കർണാടകയിലാണെന്നും നഗരങ്ങളുടെ പട്ടികയിൽ ബംഗളൂരു നാലാം സ്ഥാനത്താണെന്നും റിപ്പോർട്ടിൽ പറയുന്നു.
2012ൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട 142 കേസുകളാണുണ്ടായിരുന്നത്. എന്നാൽ, 2016 ആയപ്പോഴേക്കും 1136 കേസുകളായി ഉയർന്നു. 2012ൽ കുട്ടികൾക്കെതിരായ മറ്റ് അതിക്രമങ്ങൾ 875 എണ്ണമായിരുന്നത് 2016 ആയപ്പോഴേക്കും 4455 ആയി ഉയർന്നു.
ലൈംഗികാതിക്രമ കേസുകളിൽ 95 ശതമാനങ്ങളിലും കുറ്റക്കാർ കുട്ടികളുടെ ബന്ധുക്കളോ പരിചയക്കാരോ ആണെന്നും ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു.