ബംഗളൂരു: കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിനുമെതിരേ വിമത എംഎൽഎമാരുടെ പരാതി.
വിമതർ താമസിക്കുന്ന മുംബൈയിലെ റിനൈസൻസ് പവായ് ഹോട്ടലിലേക്കു ശിവകുമാറും കുമാരസ്വാമിയും എത്തുന്നുണ്ടെന്ന് അറിഞ്ഞെന്നും തങ്ങൾക്കു ഭീഷണിയുണ്ടെന്നുമാണ് എംഎൽഎമാർ സംയുക്തമായി മുംബൈ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ശിവകുമാറിനെയും കുമാരസ്വാമിയെയും ഹോട്ടൽ പരിസരത്ത് എത്താൻ അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പവായ് ഹോട്ടലിനു മുംബൈ പോലീസ് സുരക്ഷ ശക്തമാക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പോലീസും കലാപ നിയന്ത്രണ സേനയുമാണ് ജെഡിഎസ്-കോണ്ഗ്രസ് എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിനു സുരക്ഷയൊരുക്കുന്നത്.
അതേസമയം, ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്ഗ്രസ് നേതാവ് സമീർ അഹമ്മദ് രംഗത്തെത്തി. തങ്ങളുടെ എംഎൽഎമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നും എംഎൽഎമാർ തോക്കിൻമുനയിലാണെന്നും സമീർ ആരോപിച്ചു.
തട്ടിക്കൊണ്ടുപോയ എംഎൽഎമാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കുടുംബാംഗങ്ങളുമായിട്ടുപോലും സംസാരിക്കാൻ അവരെ ബിജെപി അനുവദിക്കുന്നില്ല. ഓരോരുത്തരെയും നിരീക്ഷിക്കാൻ നാലഞ്ചുപേരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവരെ മോചിപ്പിച്ചാൽ, തങ്ങളുടെ അരികിലേക്കു മടങ്ങി വരുമെന്നും സമീർ പറഞ്ഞു.
ചൊവ്വാഴ്ച ചേർന്ന കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ വിമതരടക്കം 20 എംഎൽഎമാർ പങ്കെടുത്തില്ല. വിമത എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്നു സ്പീക്കറോടു കോണ്ഗ്രസ് ആവശ്യപ്പെട്ടു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്പെൻഷനിലായിരുന്ന മുതിർന്ന നേതാവ് ആർ. റോഷൻ ബെയ്ഗ് രാജിവച്ചു. ഇതോടെ രാജിവച്ച കോണ്ഗ്രസ് വിമതരുടെ എണ്ണം 11 ആയി. ജെഡി-എസിലെ മൂന്നു പേരും രാജിവച്ചിരുന്നു.
224 അംഗ നിയമസഭയിൽ രണ്ടു സ്വതന്ത്രരുടേത് ഉൾപ്പെടെ 107 പേരുടെ പിന്തുണ ബിജെപിക്കുണ്ട്. 14 പേരുടെ രാജി സ്വീകരിച്ചാൽ ഭരണപക്ഷത്ത് 102 പേർ മാത്രമാകും. സ്പീക്കറെ കൂടാതെയാണിത്.