ബംഗളൂരു: കർണാടകയുടെ 24 ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരമേറ്റു.
ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും മലയാളിയായ കെ.ജെ. ജോർജ് ഉൾപ്പെടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഗവർണർ തവർ ചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്.
സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും പുറമെ ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
ലിംഗായത്ത്, വൊക്കലിഗ, മുസ് ലിം, എസ്സി, എസ്ടി, വനിതാ പ്രാതിനിധ്യങ്ങളുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെത്തുടർന്നാണു കൂടുതൽ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്.
താമസിയാതെ മന്ത്രിസഭാ വികസനം നടക്കും. ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സാവഡി മന്ത്രിയായേക്കും. ബിജെപി വിട്ട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ജഗദീഷ് ഷെട്ടറിന് എംഎൽസി സ്ഥാനം നൽകിയശേഷം മന്ത്രിസ്ഥാനം നൽകുമെന്നും സൂചനയുണ്ട്.
മന്ത്രിസഭാംഗങ്ങളെ സംബന്ധിച്ച് ഇന്നലെ സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിലെത്തി ചർച്ച നടത്തിയിരുന്നു. വിവിധ സമുദായങ്ങൾ മന്ത്രിസഭാ പ്രാതിനിധ്യത്തിനായി സമ്മർദം ചെലുത്തുന്നുണ്ട്.
എം.കെ സ്റ്റാലിൻ, നിധീഷ് കുമാർ, ശരദ് പവാർ ഉൾപ്പെടെ ബിജെപിയിതര പ്രതിപക്ഷ പാർട്ടി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. മമതാ ബാനർജിക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പകരം പ്രതിനിധിയെയാണ് അയച്ചത്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പങ്കെടുക്കുന്നില്ല.